'സാനിറ്ററി പാഡ് സ്ത്രീകള്‍ക്ക് സൗജന്യമായി ലഭ്യമാക്കണം'; പാഡിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് അക്ഷയ് കുമാര്‍

ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പാഡ്മാന്‍ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് സ്ത്രീകളുടെ ജീവിതത്തില്‍ പാഡിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്
'സാനിറ്ററി പാഡ് സ്ത്രീകള്‍ക്ക് സൗജന്യമായി ലഭ്യമാക്കണം'; പാഡിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് അക്ഷയ് കുമാര്‍

സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ സൗജന്യമായി നല്‍കണമെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാഡ്മാന്‍ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് സ്ത്രീകളുടെ ജീവിതത്തില്‍ പാഡിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സ്ത്രീകള്‍ക്ക് അടിസ്ഥാനപരമായി ആവശ്യങ്ങളില്‍ ഒന്നായതിനാല്‍ പാഡിനെ സൗജന്യമായി ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

സാനിറ്ററി നാപ്ക്കിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ജിഎസ്ടി കുറക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുമോ എന്നുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. 'എന്തിനാണ് ജിഎസ്ടി മാത്രമായി വെട്ടിക്കുറക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യമായി പാഡ് ലഭ്യമാക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഇത് അവരുടെ അടിസ്ഥാനപരമായ ആവശ്യമാണ്. ആര്‍ത്തവ ശുചിത്വത്തിന്റെ ഭാഗമാണിത്. അല്ലാതെ ആഡംബരമല്ല.' - അക്ഷയ് കുമാര്‍ പറഞ്ഞു. 

രാജ്യത്തെ 82 ശതമാനം സ്ത്രീകള്‍ക്കും സാനിറ്ററി പാഡ് ലഭ്യമാകുന്നില്ല. അതിനാല്‍ ആര്‍ത്തവത്തിന്റെ അഞ്ച് ദിവസങ്ങളില്‍ അവര്‍ ബുദ്ധിമുട്ടുകയാണെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യശരീരത്തിന്റെ പ്രകതിദത്തമായ പ്രവര്‍ത്തനം മാത്രമാണിത്. ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിലക്കുകളെല്ലാം അഴിക്കാന്‍ സമയമായെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു. ആര്‍ത്തവത്തെക്കുറിച്ച് സ്വകാര്യമായി പറയാതെ അതിനെക്കുറിച്ച് തുറന്നുപറയാന്‍ സ്ത്രീകള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ ചിലവില്‍ സാനിറ്ററി പാഡുണ്ടാക്കുന്ന മെഷീന്‍ നിര്‍മിച്ച അരുണാചലം മുരുഗനാഥത്തിന്റെ ജീവിതമാണ് പാഡ്മാനില്‍ പറയുന്നത്. ആര്‍ത്തവത്തെക്കുറിച്ച് തുറന്നുപറയാന്‍ ഇപ്പോഴും മടിക്കുമ്പോഴാണ് ആര്‍ത്തവ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന സിനിമ പുറത്തുവരുന്നത്. ആര്‍ ബല്‍കി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26 നാണ് റിലീസ് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com