ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 100 സീറ്റ് തികയ്ക്കില്ല:ജിഗ്നേഷ് മേവാനി 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റിലും താഴെക്ക് ചുരുങ്ങുമെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 100 സീറ്റ് തികയ്ക്കില്ല:ജിഗ്നേഷ് മേവാനി 

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റിലും താഴെക്ക് ചുരുങ്ങുമെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ പ്രതീകങ്ങളായ ഹാര്‍ദിക് പട്ടേലും, അല്‍പേഷ് ഠാക്കൂറും തനിക്ക് ഒപ്പം ചേര്‍ന്നാല്‍ ഇത് സാധ്യമാകുമെന്നും ജിഗ്നേഷ് മേവാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയില്‍ സമുദായ കലാപം ആളിക്കത്തിക്കാന്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പൊലീസ് ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ കടന്നാക്രമിച്ച് ജിഗ്നേഷ് മേവാനി രംഗത്തെത്തിയത്.

ഗുജറാത്ത് മോഡല്‍ വികസനമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിന് ഇരകളാക്കപ്പെട്ടവരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യുവാക്കളും , ദരിദ്രരും ബിജെപി സര്‍ക്കാരിന് എതിരെ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും മേവാനി ആവശ്യപ്പെട്ടു. ചരക്കുസേവന നികുതി നടപ്പിലാക്കിയതും, നോട്ടു അസാധുവാക്കലും യുവാക്കളെ ഒറ്റപ്പെടുത്തി. തൊഴിലില്ലായ്മ രൂക്ഷമാക്കി കേന്ദ്രസര്‍ക്കാരിന്റെ ഈ പരിഷ്‌ക്കരണ നടപടികള്‍. സാമ്പത്തിക പ്രതിസന്ധിയും ഇതിന്റെ മറ്റൊരു പ്രത്യാഘാതമാണെന്നും മേവാനി ഓര്‍മ്മിപ്പിച്ചു. വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും മേവാനി കുറ്റപ്പെടുത്തി. 

മനുസ്മൃതി നടപ്പിലാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൂപ്പുജോലിക്കാര്‍ അവരുടെ ജോലിയില്‍ സന്തുഷ്ടരാണ് എന്ന മോദിയുടെ വാക്കുകളില്‍ മനുസ്മൃതിയോടുളള ആഭിമുഖ്യം പ്രകടമാണ്. മോദിയുടെ ഈ നീക്കത്തിന് എതിരെ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് യുവാക്കളുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും മേവാനി അറിയിച്ചു. ബി ആര്‍ അംബേദ്ക്കറിനെ കുറിച്ച് പറയാന്‍ ആര്‍എസ്എസിനും ബിജെപിക്കും യാതൊരു അവകാശവുമില്ലെന്നും മേവാനി പ്രതികരിച്ചു. കഴിഞ്ഞ ദിവസം ബി ആര്‍ അംബ്ദേക്കറെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസും ബിജെപിയും മേവാനിക്ക് എതിരെ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com