'മദ്രസകളില്‍ മോദിയുടെ ചിത്രം തൂക്കണം'; യാഥാസ്ഥിതിക ചിന്ത മാറ്റണമെന്ന നിര്‍ദേശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം പള്ളികളിലും മദ്രസകളിലും സ്ഥാപിക്കുന്നത് ഇസ്ലാമിന് എതിരാണെന്ന് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് പറഞ്ഞു
'മദ്രസകളില്‍ മോദിയുടെ ചിത്രം തൂക്കണം'; യാഥാസ്ഥിതിക ചിന്ത മാറ്റണമെന്ന നിര്‍ദേശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: മദ്രസകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. യാഥാസ്ഥിതിക ചിന്താഗതിയില്‍ നിന്ന് മാറി പ്രധാനമന്ത്രിയുടെ ചിത്രം മദ്രസകളില്‍ സ്ഥാപിക്കണമെന്നാണ് റാവത്ത് പറയുന്നത്. 

മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതാണ്. അതിനാല്‍ ഇതില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കണമെന്ന് പറഞ്ഞുകൊണ്ട് നേരത്തെ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഉത്തരാഖണ്ഡ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് തയാറായില്ല. ഗവണ്‍മെന്റ്, ഏയ്ഡഡ് സ്‌കൂളുകളിലാണ് ഇത് നടപ്പാക്കാനാവൂയെന്നാണ് ബോര്‍ഡ് പറഞ്ഞത്. 

എന്നാല്‍ ഗവണ്‍മെന്റിന്റെ ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കാന്‍ തയാറാവണമെന്നും ഇതിനായി യാഥാസ്ഥിതിക ചിന്താഗതി മദ്രസ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഉത്തരാഖണ്ഡ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് തയാറാവാത്തതിനെ തുടര്‍ന്നാണ് കടുത്ത നിലപാടുമായി റാവത്ത് എത്തിയത്. എന്നാല്‍ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം പള്ളികളിലും മദ്രസകളിലും സ്ഥാപിക്കുന്നത് ഇസ്ലാമിന് എതിരാണെന്ന് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com