ദുരൂഹതയില്ല, ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ തന്നെ; അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2018 12:29 PM |
Last Updated: 08th January 2018 12:29 PM | A+A A- |

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഗാന്ധിജിയുടെ വധത്തില്‍ ദുരൂഹതയില്ല. വിദേശ രഹസ്യന്വേഷണ ഏജന്‍സിക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെ തന്നെയാണെന്നും അമിക്കസ്‌ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഗോഡ്‌സെ അല്ലാതെ മറ്റൊരാളുടെ തോക്കില്‍നിന്നുള്ള വെടിയുണ്ടയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്ന വാദത്തിന് തെളിവില്ലെന്നും അമിക്കസ് ക്യൂറി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാന്ധി വധത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സവര്‍ക്കറുടെ അനുയായിയാണ് കോടതിയെ സമീപിച്ചത്. ഇതില്‍ കോടതിയെ സഹായിക്കാനാണ് മുതിര്‍ന്ന അഭിഭാഷകരായ അമരീന്തര്‍ സരണ്‍, സഞ്ചിത് ഗുരു, സമര്‍ഥ് ഖന്ന എന്നിവരും അടക്കുന്ന മൂന്നംഗ സംഘത്തെ സുപ്രം കോടതി നിയോഗിച്ചത്.
ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകളാണ് ഏറ്റിരുന്നത്. ഇതില്‍ നാലാമത്തേത് ഗോഡ്‌സെയുടെ തോക്കില്‍ നിന്നല്ലെന്നും മറ്റൊരാള്‍ ഉതിര്‍ത്ത ഈ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. നാല് വെടിയുണ്ടയുടെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വിചാരണ കോടതിയുടെ 4000 പേജ് രേഖകളും 1969 ലെ ജീവന്‍ലാല്‍ കപൂര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.