നമ്മള്‍ ജീവിക്കുന്നത് ബനാന റിപ്പബ്ലിക്കില്ലോ? ട്രിബ്യൂണിനെതിരായ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ഇതാണോ നീതി എന്ന ചോദ്യം ഉന്നയിച്ച സിന്‍ഹ നമ്മള്‍ ബനാന റിപ്പബ്ലിക്കിലാണോ ജീവിക്കുന്നത് എന്ന സംശയവും ഉയര്‍ത്തുന്നു
നമ്മള്‍ ജീവിക്കുന്നത് ബനാന റിപ്പബ്ലിക്കില്ലോ? ട്രിബ്യൂണിനെതിരായ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: ആധാര്‍ ചോര്‍ച്ച പുറത്തുകൊണ്ടുവന്ന ട്രിബ്യൂണ്‍ ദിനപത്രത്തിന് എതിരെ നടപടിയെടുത്ത കേന്ദ്രസര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ബിജെപി എം പി ശത്രുഘ്‌നന്‍ സിന്‍ഹ. എന്തു നീതിയാണ് ഇത് എന്ന ചോദ്യം ഉന്നയിച്ച് ട്വിറ്ററിലുടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. 

'ആധാര്‍ വിവരങ്ങള്‍ നല്‍കാം പണം തരൂ 'എന്ന തലക്കെട്ടോടെ ആധാറിലെ വിവരങ്ങള്‍ ചോരുന്നുവെന്ന ട്രിബ്യൂണിന്റെ വാര്‍ത്തയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് ആധാരം. സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ട്രിബ്യൂണ്‍ പത്രം,റിപ്പോര്‍ട്ടര്‍ രചനാ ഖൈറ എന്നിവയ്ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തുവന്നത്. 

ഇതാണോ നീതി എന്ന ചോദ്യം ഉന്നയിച്ച സിന്‍ഹ നമ്മള്‍ ബനാന റിപ്പബ്ലിക്കിലാണോ ജീവിക്കുന്നത് എന്ന സംശയവും ഉയര്‍ത്തുന്നു. രാജ്യത്തിന് വേണ്ടി സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുന്നവരെ ഇരകളാക്കുന്നത് ശരിയാണോ എന്ന നിലയില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ട്വറ്ററിലുടെ ശത്രുഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചത്. ഇത് രാഷ്ട്രീയ കുടിപ്പകയാണോ എന്ന ഗൗരവപ്പെട്ട ചോദ്യവും ഉന്നയിച്ച ശത്രുഘ്‌നന്‍ സിന്‍ഹ ട്രിബ്യൂണിന് എതിരെ നടപടി എടുത്തതില്‍ പ്രതിഷേധിച്ച എഡിറ്റേഴ്‌സ് ഗില്‍ഡിനെ അഭിനന്ദിക്കുകയും ചെയ്തു

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുന്‍പും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ശത്രുഘ്‌നന്‍ സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പ്രതിരോധത്തിലാക്കിയിരുന്നു. പിന്നിട് കുറെ ദിവസങ്ങള്‍ മൗനം അവലംബിച്ച ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി സര്‍ക്കാരിന് എതിരെയുളള പോര് വീണ്ടും മുറുക്കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com