ആറു മാസം തരൂ, തിളക്കമുള്ള കോണ്‍ഗ്രസിനെ തിരിച്ചുതരാം: രാഹുല്‍ ഗാന്ധി

2019 ല്‍ ബി ജെ പിയെ പരാജയപ്പെടുത്തും. കോണ്‍ഗ്രസ് അതിന് പ്രാപ്തമാണമെന്നു രാഹുല്‍
ആറു മാസം തരൂ, തിളക്കമുള്ള കോണ്‍ഗ്രസിനെ തിരിച്ചുതരാം: രാഹുല്‍ ഗാന്ധി

മനാമ: ആറുമാസം കൊണ്ട് അടിമുടി മാറിയ പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറുമെന്ന് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നും രാഹുല്‍ പറഞ്ഞു. ബഹ്‌റൈനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഇതാദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം വിദേശത്തുവച്ച് രാഹുല്‍ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. 

എനിക്ക് ആറു മാസം തരൂ, പുതിയ തിളക്കമുള്ള കോണ്‍ഗ്രസിനെ തിരിച്ചുതരാം-രാഹുല്‍ പറഞ്ഞു. നേതാക്കളെ വിശ്വസിക്കാവുന്ന, അടിമുടി മാറിയ കോണ്‍ഗ്രസ് ആയിരിക്കും അത്. ബ്രിട്ടിഷുകാരെ കെട്ടുകെട്ടിച്ച പ്രസ്ഥാനമാണിതെന്ന് മറക്കരുതെന്ന് രാഹുല്‍ ഓര്‍മിപ്പിച്ചു. 

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ആറുമാസത്തിനുള്ളില്‍ തിളക്കമുള്ള പുതിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ സമ്മാനിക്കുമെന്നും അദ്ദേഹം വിദേശ ഇന്ത്യക്കാര്‍ക്ക് ഉറപ്പു നല്‍കി. 

തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നു രാഹുല്‍ ആരോപിച്ചു. 2019 ല്‍ ബി ജെ പിയെ പരാജയപ്പെടുത്തും. കോണ്‍ഗ്രസ് അതിന് പ്രാപ്തമാണമെന്നു രാഹുല്‍ വിശ്വാസം പ്രകടിപ്പിച്ചു. 

തങ്ങളുടെ കോട്ടയായിരുന്ന ഗുജറാത്തില്‍ ബി ജെ പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആരോഗ്യമഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുക എന്നതാണ് രാജ്യപുരോഗതിക്കു വേണ്ടി താന്‍ മുന്‍ഗണന നല്‍കുന്ന കാര്യങ്ങളെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യ ഇന്ന് സ്വതന്ത്രമാണ്. എന്നാല്‍ ഒരിക്കല്‍ കൂടി ഭീഷണിയുടെ പിടിയിലാണ്. രണ്ട് ഭീഷണികളാണ് ഇന്ന് നമ്മുടെ രാജ്യം നേരിടുന്നത്. ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. എല്ലാ മതത്തിലുമുള്ളവരെ ഒരുമിച്ചു നിര്‍ത്തുന്നതിനു പകരം തൊഴിലില്ലായ്മ മൂലമുള്ള അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റാനുള്ള തിരക്കിലാണ് നമ്മുടെ സര്‍ക്കാര്‍-  രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com