നാട്ടുകാരുടെ സെല്‍ഫി ഭ്രാന്തിന് ഇരയായി കുട്ടിയാന; ഒറ്റക്കായിപ്പോയ കുട്ടിയാനയെ നാട്ടുകാര്‍ സെല്‍ഫി എടുത്തു കൊന്നു

കുട്ടിയാന മാത്രം തനിച്ചായതോടെ ഇവനൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നതിനായി നാട്ടുകാര്‍ തിരക്കുകൂട്ടി
നാട്ടുകാരുടെ സെല്‍ഫി ഭ്രാന്തിന് ഇരയായി കുട്ടിയാന; ഒറ്റക്കായിപ്പോയ കുട്ടിയാനയെ നാട്ടുകാര്‍ സെല്‍ഫി എടുത്തു കൊന്നു

നുഷ്യന്‍മാരുടെ സെല്‍ഫി ഭ്രാന്തില്‍പ്പെട്ട് മാസങ്ങള്‍ പ്രായമുള്ള കുട്ടിയാനയ്ക്ക് ദാരുണാന്ത്യം. കാട്ടാനക്കൂട്ടത്തില്‍ നിന്ന് വേര്‍പെട്ടുപോയ കുട്ടിയാനയാണ് നാട്ടുകാരുടെ സെല്‍ഫിപ്രേമത്തിന് ഇരയായത്. കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടിന് സമീപമുള്ള കുറുബര ഹണ്ടി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. 

ഇവിടത്തെ ഓങ്കാര്‍ വനാതിര്‍ത്തിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ നാട്ടുകാര്‍ കൂടി. ആളുകളുടെ ബഹളം കണ്ട് ഭയന്ന ആനക്കൂട്ടം കാട്ടിലേക്ക് തന്നെ തിരികെ ഓടി. എന്നാല്‍ കൂടെയുണ്ടായിരുന്ന കുഞ്ഞാനയ്ക്ക് മറ്റ് ആനകള്‍ക്കൊപ്പം ഓടിയെത്താനായില്ല. കുട്ടിയാന മാത്രം തനിച്ചായതോടെ ഇവനൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നതിനായി നാട്ടുകാര്‍ തിരക്കുകൂട്ടി. 

അമ്മയെ കാണാത്തതിനാല്‍ കുട്ടിയാന കരയുന്നുണ്ടായിരുന്നെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ നാട്ടുകാര്‍ അവരുടെ വിനോദം തുടരുകയായിരുന്നു. അമ്മയാന സമീപത്തുണ്ടായിരുന്നെങ്കിലും ആളുകള്‍ തിങ്ങി നില്‍ക്കുന്നതിനാല്‍ പേടിച്ച് കുട്ടിയാനയുടെ അടുത്തേക്ക് വന്നില്ല. ഫോട്ടോ എടുക്കുന്നതിനായി കാടിന് അടുത്തുനിന്ന് ആനക്കുട്ടിയെ വലിച്ചുകൊണ്ടുവരികയും ചെയ്തു. 

സംഭവം അറിഞ്ഞ് വനപാലകര്‍ എത്തിയപ്പോഴേക്കും ആന അവശനിലയിലായിരുന്നു. അമ്മയെ കാണാത്തതിന്റെ ദുഖവും വിശപ്പുമെല്ലാം അവനെ കൂടുതല്‍ തളര്‍ത്തി. വനപാലകര്‍ ആനക്കുട്ടിക്ക് പാലും മറ്റും നല്‍കിയെങ്കിലും പേടിച്ചുപോയതിനാല്‍ ഇത് കുടിക്കാന്‍ തയാറായില്ല. പ്രാഥമിക ചികിത്സ നല്‍കി അമ്മയുടെ അടുത്തേക്ക് തിരികെ അയക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവശനിലയിലായ കുട്ടിയാന ഇപ്പോള്‍ കാട്ടിലയച്ചാല്‍ രക്ഷപ്പെടില്ലെന്ന് കണ്ട് അവനെ സമാധാനിപ്പിക്കാനുള്ള ശ്രമവും നടത്തി. 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com