സിനിമാ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ല; മുന്‍ ഉത്തരവ് സുപ്രിം കോടതി ഭേദഗതി ചെയ്തു

തിയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന കാര്യത്തില്‍ തിയറ്റര്‍ ഉടമകള്‍ക്കു തീരുമാനമെടുക്കാമെന്ന് സുപ്രിം കോടതി
സിനിമാ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ല; മുന്‍ ഉത്തരവ് സുപ്രിം കോടതി ഭേദഗതി ചെയ്തു

ന്യൂഡല്‍ഹി: സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രിം കോടതി. തിയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന കാര്യത്തില്‍ തിയറ്റര്‍ ഉടമകള്‍ക്കു തീരുമാനമെടുക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ കഴിഞ്ഞ വര്‍ഷം നവംബറിലെ ഉത്തരവു ഭേദഗതി ചെയ്തുകൊണ്ടാണ് സുപ്രിം കോടതി വിധി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് മുന്‍ ഉത്തരവ് ഭേദഗതി ചെയ്തത്. ദേശീയ ഗാനം നിര്‍ബന്ധമാക്കുന്ന ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടു പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ ഉത്തരവ്. 

ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ദേശീയ ഗാനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസംബര്‍ അഞ്ചിന് 12 പേരുടെ സമിതിയെ നിയോഗിച്ചെന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ജൂണ്‍ അഞ്ചിനകം ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍, ദേശീയ ചിഹ്‌നങ്ങളെ അവഹേളിക്കുന്നതു തടയാനുള്ള നിയമത്തില്‍ മാറ്റം വരുത്തും. ആവശ്യമായ മാര്‍ഗരേഖ പുറത്തിറക്കും. അതുവരെ സുപ്രീം കോടതി ഉത്തരവു നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.

തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് 2016 നവംബറിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ഇതിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. മുന്‍ നിലപാടില്‍ അയവ് വരുത്തിയ സുപ്രീംകോടതി 2017 ഒക്‌ടോബര്‍ 23ന്, ഉത്തരവിന്റെ നിര്‍ബന്ധിത സ്വഭാവം ഒഴിവാക്കാമെന്ന് സൂചിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com