മമത ബാനര്‍ജിക്കൊപ്പം ലണ്ടനില്‍ പോയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടലില്‍ നിന്ന് സ്പൂണ്‍ മോഷ്ടിച്ചു; 50 പൗണ്ട് പിഴ ഈടാക്കി

ഹോട്ടലില്‍ ഔദ്യോഗിക സല്‍ക്കാരത്തിനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സ്പൂണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്
മമത ബാനര്‍ജിക്കൊപ്പം ലണ്ടനില്‍ പോയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടലില്‍ നിന്ന് സ്പൂണ്‍ മോഷ്ടിച്ചു; 50 പൗണ്ട് പിഴ ഈടാക്കി


 
ശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടൊപ്പം ലണ്ടന്‍ സന്ദര്‍ശനത്തിന് പോയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ആഡംബര ഹോട്ടലില്‍ നിന്ന് വെള്ളി സ്പൂണ്‍ കട്ടെടുത്തതിന് പിടിയിലായി. ഹോട്ടലില്‍ ഔദ്യോഗിക സല്‍ക്കാരത്തിനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സ്പൂണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. സംഭവം ഒളിക്യാമറയില്‍ പതിഞ്ഞതോടെയാണ് കള്ളത്തരം പുറത്തായത്. 

ഒരാള്‍ ഒഴികെയുള്ള ബാക്കി മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് തെറ്റ് ഏറ്റുപറയുകയും സ്പൂണും മറ്റും തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തെറ്റ് അംഗീകരിക്കാന്‍ തയാറായില്ല. താന്‍ എടുത്തിട്ടില്ലെന്നും തന്റെ പോക്കറ്റ് പരിശോധിച്ചോളൂ എന്ന നിലപാടിലായിരുന്നു ഇയാള്‍. പൊലീസിനെ വിവരം അറിയിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതോടെ കൂടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ ബാഗില്‍ ഒളിപ്പിച്ച സ്പൂണും കത്തിയെല്ലാം ഇയാള്‍ തിരികെ നല്‍കി. സംഭവത്തെത്തുടര്‍ന്ന് ഇയാളില്‍ നിന്ന് 50 പൗണ്ട് അതായത് 4300 രൂപ പിഴ  ഈടാക്കിയെന്നും ഔട്ട്‌ലുക്കില്‍ വന്ന റിപ്പോര്‍ട്ടില്‍ പറുന്നു. മാധ്യമപ്രവര്‍ത്തകരുടെ മോഷണ ശ്രമം ഇതിനോടകം ലണ്ടനിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ പ്രചാരം നേടിക്കഴിഞ്ഞു. 

മമതാ ബാനര്‍ജിയുടെ ഔദ്യോഗിക ലണ്ടന്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി സല്‍ക്കാരത്തിനെത്തിയപ്പോഴായിരുന്നു സംഭവം. പ്രമുഖ ബംഗാളി പ്രസിദ്ധീകരണത്തിലെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ ഡിന്നര്‍ ടേബിളില്‍ ഇരുന്ന സ്പൂണുകള്‍ പോക്കറ്റിലാക്കിയതാണ് പ്രശ്‌നത്തിന് തുടക്കമായത്. അയാള്‍ ചെയ്യുന്നത് കണ്ട് മറ്റ് മാധ്യമ പ്രവര്‍ത്തകരും തങ്ങളുടെ പക്കലുള്ള സ്പൂണുകള്‍ കൈവശപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതെല്ലാം കണ്ടുകൊണ്ട് സുരക്ഷാ ക്യാമറ അവിടെ സ്ഥാപിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ബംഗാളിലെപ്പോലെ ഈ ക്യാമറകളും പ്രവര്‍ത്തന രഹിതമായിരിക്കുമെന്നാണ് അവര്‍ കരുതിയിരുന്നതെന്ന് മാധ്യമസംഘത്തിലുണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. 

വിവിഐപിയുടെ കൂടെ വന്നവരുടെ മോഷണം സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ ആദ്യം മടിച്ചു. പിന്നീട് മോഷണ വിവരം അറിഞ്ഞെന്ന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയതോടെ അവര്‍ തൊണ്ടിമുതല്‍ തിരിച്ചു നല്‍കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ സ്ഥിരമായി ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നെന്ന് ബംഗാളി ജേര്‍ണലിസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് ഔട്ട്‌ലുക്ക് വ്യക്തമാക്കി. വിദേശ സന്ദര്‍നത്തിന് പോകുന്ന ഹോട്ടലുകളില്‍ നിന്ന് സ്പൂണും മറ്റ് സാധനങ്ങളും ഇയാള്‍ സ്ഥിരമായി കട്ടെടുത്തിരുന്നെന്നും ഇത് ആദ്യമായാണ് പിടിക്കപ്പെടുന്നതെന്നുമാണ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com