സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞു; ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷവിമര്‍ശനവുമായി ജഡ്ജിമാര്‍

സുപ്രീംകോടതിയുടെ ഭരണസംവിധാനം താളം തെറ്റിയെന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞു; ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷവിമര്‍ശനവുമായി ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഭരണസംവിധാനം താളം തെറ്റിയെന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടിയില്‍ പ്രതിഷേധിച്ച് സീനിയര്‍ ജഡ്ജി ജെ ചെലമേശ്വരുടെ വസതിയിലാണ് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

ഭരണസംവിധാനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് രണ്ടുമാസം മുന്‍പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി ജസ്റ്റിസ് ചെമലേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. സൊറാബുദീന്‍ ഷെയക്ക് വധക്കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ലോയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട നടപടികളിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് മുഖ്യകാരണമെന്നാണ് വിവരം.

നേരത്തെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച്  ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത് സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍ക്കാണ് ഇടയാക്കിയത്. നാല് കോടതികളുടെ നടപടികള്‍ നിര്‍ത്തിവെച്ചാണ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്.

കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് ജസ്റ്റിസ് ചെമലേശ്വറിന്റെ നേതൃത്വത്തിലുളള ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി കോടതികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം വിളിക്കാന്‍ നിലവിലെ പരിതസ്ഥിതി തങ്ങളെ നിര്‍ബന്ധിതരാക്കുകയായിരുന്നു. വളരെ ഖേദത്തോടെയാണ് തങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയത് എന്നും ജഡ്ജിമാര്‍ തുറന്നുപറഞ്ഞു.

സുപ്രീംകോടതിയുടെ താളം തെറ്റിയ ഭരണസംവിധാനം പുന:സ്ഥാപിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. എന്നാല്‍ ഇതില്‍ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടതിലുളള പ്രതിഷേധ സൂചകമായാണ് കോടതി നടപടികള്‍ നിര്‍ത്തിവെച്ചതെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.എങ്കിലും തിങ്കളാഴ്ച മുതല്‍ കോടതി നടപടികള്‍ സാധാരണ നിലയില്‍ നടക്കുമെന്നും ഇവര്‍ മാധ്യമങ്ങളെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com