ഇന്ദിരയുടെ പാത മോദി സ്വീകരിക്കുമോ ? വിമതസ്വരം ഉയര്‍ത്തിയ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ സര്‍ക്കാര്‍ തഴയുമോ എന്ന ചര്‍ച്ച സജീവം

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കും. പിന്‍ഗാമിയായി സീനിയര്‍ ജഡ്ജി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കാണ് സാധ്യത
ഇന്ദിരയുടെ പാത മോദി സ്വീകരിക്കുമോ ? വിമതസ്വരം ഉയര്‍ത്തിയ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ സര്‍ക്കാര്‍ തഴയുമോ എന്ന ചര്‍ച്ച സജീവം

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വിമതസ്വരം ഉയര്‍ത്തി വാര്‍ത്താസമ്മേളനം വിളിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കേന്ദ്രസര്‍ക്കാര്‍ തഴയുമോ എന്ന ചര്‍ച്ച നിയമവൃത്തങ്ങളില്‍ സജീവം. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് വിരമിക്കുകയാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഏറ്റവും സീനിയര്‍ ജഡ്ജി എന്ന നിലയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കാണ് സാധ്യത. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കുന്നതാണ് പതിവ്. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. 

എന്നാല്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തി വിമര്‍ശിച്ച ജസ്റ്റിസ് ഗൊഗോയിയെ ദീപക് മിശ്ര പിന്‍ഗാമിയായി നിര്‍ദേശിക്കുമോ എന്നതാണ് ചര്‍ച്ചാവിഷയം. ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തി ജസ്റ്റിസ് ജെ ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ജസ്റ്റിസ് ഗൊഗോയിയേക്കാള്‍ സീനിയറാണെങ്കിലും ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് ഇവര്‍ റിട്ടയറാകും. ഇതോടെയാണ് ജസ്റ്റിസ് ഗൊഗോയിക്ക് സാധ്യത തെളിയുന്നത്. 

ഗൊഗോയ് അടക്കം ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം
ഗൊഗോയ് അടക്കം ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം

മുമ്പ് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1973 ല്‍ സീനിയോറിട്ടി മറികടന്ന് ചീഫ് ജസ്റ്റിസിനെ നിയമിച്ചിരുന്നു. കേശവാനന്ദഭാരതി കേസില്‍ സര്‍ക്കാരിനെതിരെ വിധിയെഴുതിയ ജസ്റ്റിസ് ജെഎം ഷെലാത്ത്, ജസ്റ്റിസ് എ എന്‍ ഗ്രോവര്‍, ജസ്റ്റിസ് എച്ച്എസ് ഹെഗ്‌ഡെ എന്നിവരെ മറികടന്ന്, സര്‍ക്കാര്‍ അനുകൂല ന്യൂനപക്ഷ വിധി എഴുതിയ ജസ്റ്റിസ് എഎന്‍ റേയെ ഇന്ദിരഗാന്ധി സര്‍ക്കാര്‍ ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസ് മിത്ര സിക്രി സ്ഥാനമൊഴിയുന്നതിന്റെ തലേന്ന് ഇന്ദിരയുടെ നിര്‍ദേശപ്രകാരം, ജൂനിയറായ ജസ്റ്റിസ് റേയെ ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജസ്റ്റിസുമാരായ ഷെലാത്ത്, ഹെഗ്‌ഡെ, ഗ്രോവര്‍ എന്നിവര്‍ രാജിവച്ചു. ഇതറിഞ്ഞ് പിറ്റേന്നു വിരമിക്കേണ്ടിയിരുന്ന ചീഫ് ജസ്റ്റിസ് സിക്രിയും ഇവരോടൊപ്പം രാജി നല്‍കി. 

1977 ലും സീനിയോറിട്ട് മറികടന്ന് ചീഫ് ജസ്റ്റിസ് നിയമനം ഉണ്ടായിരുന്നു. ജസ്റ്റിസ് എച്ച്.ആര്‍.ഖന്നയെ മറികടന്നാണ് ജസ്റ്റിസ് എം.എച്ച്.ബേഗിനെ ചീഫ് ജസ്റ്റിസ് ആക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് ഖന്നയും രാജി സമര്‍പ്പിച്ച് പ്രതികരിച്ചു. ജബല്‍പുര്‍ എഡിഎം കേസിലെ ഖന്നയുടെ വിമതവിധിയാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്തും ജീവിക്കാനുള്ള അവകാശം ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ നിലനില്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

എന്നാല്‍, അടുത്തകാലത്തെങ്ങും സീനിയോറിട്ടി മറികടക്കാന്‍ ശ്രമം ഉണ്ടായിട്ടില്ല. നിലവില്‍ ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെട്ട സെഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജസ്റ്റിസ് ലോയുടെ ദുരൂഹമരണവുമായും ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും. അതേസമയം സീനിയോറിട്ടി മറികടക്കുന്ന തരത്തില്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നും പ്രതികാര നടപടി ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com