പാകിസ്ഥാന്‍ മന്ത്രിയുടെ ട്വീറ്റ് ശശി തരൂര്‍ ലൈക് ചെയ്‌തെന്ന് ബിജെപി; താന്‍ ബുക്ക്മാര്‍ക്കായാണ് ട്വീറ്റ് ഉപയോഗിക്കുന്നതെന്ന് തരൂരിന്റെ മറുപടിയും

ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്യവിയയാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
പാകിസ്ഥാന്‍ മന്ത്രിയുടെ ട്വീറ്റ് ശശി തരൂര്‍ ലൈക് ചെയ്‌തെന്ന് ബിജെപി; താന്‍ ബുക്ക്മാര്‍ക്കായാണ് ട്വീറ്റ് ഉപയോഗിക്കുന്നതെന്ന് തരൂരിന്റെ മറുപടിയും

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ ട്വീറ്റിന് ലൈക്ക് ചെയ്തത് വിവാദമാക്കി ബിജെപി നേതാക്കള്‍. എന്നാല്‍ താന്‍ ലൈക്ക് ബുക്ക്മാര്‍ക്ക് ആയാണ് ഉപയോഗിക്കുന്നത് എന്ന മറുപടിയുമായി തരൂര്‍ ഉടന്‍ രംഗത്തെത്തുകയും ചെയ്തു. 

കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് പാക് വിദേശകാര്യ മന്ത്രി ഖാജ എം ആസിഫ് നല്‍കിയ മറുപടി ട്വീറ്റ് തരൂര്‍ ലൈക്ക് ചെയ്തതാണ് ബിജെപിക്കാരെ പ്രകോപിപ്പിച്ചത്. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്യവിയയാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഖാജ എം ആസിഫിന്റെ ട്വീറ്റ് തരൂര്‍ ലൈക്ക് ചെയ്തുവെന്ന സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് മാളവിയയുടെ ട്വീറ്റ്.

എന്നാല്‍ മാളവിയയുടെ ആരോപണം തരൂര്‍ നിഷേധിക്കുകയാണ് ചെയ്തത്. പിന്നീട് റഫര്‍ ചെയ്യാന്‍ ആവശ്യമായ ട്വീറ്റുകള്‍ എളുപ്പത്തില്‍ എടുക്കുന്നതിന് ബുക്ക് മാര്‍ക്ക് സംവിധാനമായാണ് താന്‍ ലൈക്ക് ഉപയോഗിച്ചതെന്ന് തരൂര്‍ വ്യക്തമാക്കി. ഖാജ എം ആസിഫിന്റെ പ്രസ്താവനയ്ക്കുള്ള അംഗീകാരമായല്ല ലൈക്ക് എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ബുക്ക് മാര്‍ക്ക് സംവിധാനമായി ലൈക്ക് ഉപയോഗിക്കുന്നതിന് തെളിവായി 2013ലെ തന്റെ ഒരു ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തു. 

പിന്നാലെ പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് തരൂരിന്റെ മറുപടി പോസ്റ്റും പ്രത്യക്ഷപ്പെട്ടു. ഖാജ എം ആസിഫിന്റെ പ്രസ്താവന അസംബന്ധവും വിദേശകാര്യ മന്ത്രിക്ക് യോജിക്കാത്തതുമാണെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com