ലൗ ജിഹാദിന്റെ പേരില്‍ മുസ്ലീമിനെ കൊന്ന് കത്തിച്ച സംഭവം: 'ഹിന്ദു സഹോദരി'യുമായുള്ള പ്രതിയുടെ അവിഹിത ബന്ധം പുറത്തുവരാതിരിക്കാന്‍

ഹിന്ദു സഹോദരി എന്ന് ശംഭു വിളിക്കുന്ന സ്ത്രീയുമായുള്ള അവിഹിത ബന്ധം ഒളിക്കുന്നതിനായാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി
ലൗ ജിഹാദിന്റെ പേരില്‍ മുസ്ലീമിനെ കൊന്ന് കത്തിച്ച സംഭവം: 'ഹിന്ദു സഹോദരി'യുമായുള്ള പ്രതിയുടെ അവിഹിത ബന്ധം പുറത്തുവരാതിരിക്കാന്‍

രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം തൊഴിലാളിയെ വെട്ടി വീഴ്ത്തി കത്തിച്ചുകൊന്നത് പ്രതിയായ ശംഭു ലാല്‍ റേഗറിന്റെ അവിഹിത ബന്ധം പുറത്തുവരാതിരിക്കാന്‍. കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിലാണ് പൊലീസ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദു സഹോദരി എന്ന് ശംഭു വിളിക്കുന്ന സ്ത്രീയുമായുള്ള അവിഹിത ബന്ധം ഒളിക്കുന്നതിനായാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ഡിസംബര്‍ ആറിനാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള 50 കാരനായ അഫ്രജുലിനെ ഇയാള്‍ കൊന്നു കത്തിച്ചത്. കൊലപാതക ദൃശ്യങ്ങള്‍ ബന്ധുവായ 15 കാരനെക്കൊണ്ട് ഫോണില്‍ പകര്‍ത്തി ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. മുസ്ലീങ്ങളെയെല്ലാം ഇല്ലാതാക്കണമെന്ന് ഇയാള്‍ വിളിച്ചുപറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ലൗവ് ജിഹാദില്‍ നിന്ന് 20 കാരിയായ ഹിന്ദു സഹോദരിയെ രക്ഷിക്കുന്നതിനായാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. 

എന്നാല്‍ ഈ യുവതിയുമായുള്ള ശംഭുവിന്റെ അവിഹിതബന്ധം കണ്ടുപിടിക്കാതിരിക്കാനാണ് ഇയാള്‍ അഫ്രജുലിന് എതിരേ ലൗ ജിഹാദ് ആരോപിച്ചതെന്ന് രാജ്‌സമന്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ പറയുന്നു. കൊലപാതക കുറ്റം കൂടാതെ മതവികാരം വ്രണപ്പെടുത്തിയതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ശംഭുവിനെതിരേ കുറ്റം ചുമത്തി. 

ശംഭു സഹോദരി എന്ന് വിളിക്കുന്ന യുവതി അഫ്രജുലിന്റെ ഗ്രാമത്തില്‍ നിന്നുള്ള തൊഴിലാളിയോടൊപ്പം ഒളിച്ചോടിയിരുന്നു. യുവതിയെ തിരിച്ചുകൊണ്ടുവരാന്‍ ശംഭു ശ്രമിച്ചെങ്കിലും യുവതി തിരികെ വരാന്‍ തയാറായില്ല. പിന്നീട് യുവതി തിരിച്ചെത്തിയെന്നും പൊലീസ് പറഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്നുള്ളവര്‍ക്ക് രാജസ്ഥാനില്‍ ജോലിയും താമസവുമെല്ലാം ഒരുക്കി നല്‍കിയിരുന്നത് അഫ്രജുലാണ്. അതിനാലാകാം ഇയാളെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com