ഐഐടിയില്‍ മാംസാഹാരികളോട് അയിത്തം; ഹോസ്റ്റലിലെ സ്റ്റീല്‍ പ്ലേറ്റില്‍ മാംസാഹാരം കഴിക്കരുതെന്ന് പുതിയ നിയമം

എല്ലാ ഐഐടി ഹോസ്റ്റലുകളിലും മാംസാഹാരം നല്‍കുന്നുണ്ടെങ്കിലും പുതിയ നിര്‍ദ്ദേശങ്ങള്‍ വന്നിരിക്കുന്നത് 11ാം നമ്പര്‍ ഹോസ്റ്റലില്‍ മാത്രമാണ്
ഐഐടിയില്‍ മാംസാഹാരികളോട് അയിത്തം; ഹോസ്റ്റലിലെ സ്റ്റീല്‍ പ്ലേറ്റില്‍ മാംസാഹാരം കഴിക്കരുതെന്ന് പുതിയ നിയമം

മാംസാഹാരം കഴിക്കുന്ന വിദ്യാര്‍ത്ഥികളോട് അയിത്തം കല്‍പ്പിച്ച് ഐഐടി ബോംബെ. ഹോസ്റ്റലില്‍ സാധാരണ ഉപയോഗിക്കുന്ന പ്ലേറ്റുകളില്‍ മാംസാഹാരം എടുക്കരുതെന്നാണ് ഐഐടിയില്‍ കൊണ്ടുവന്ന പുതിയ നിയമത്തില്‍ പറയുന്നത്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം എടുക്കുന്ന ചെറിയ പ്ലാസ്റ്റിക് ട്രേയില്‍ മാത്രമേ ഇപ്പോള്‍ മാംസാഹാരം കഴിക്കുന്നവര്‍ക്ക് ഭക്ഷണം ലഭിക്കൂ. ഇതിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. 

ഐഐടി അധികൃതര്‍ മാത്രമല്ല 11ാം നമ്പര്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥി കൗണ്‍സിലും മാംസാഹാരവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ഐഐടി ഹോസ്റ്റലുകളിലും മാംസാഹാരം നല്‍കുന്നുണ്ടെങ്കിലും പുതിയ നിര്‍ദ്ദേശങ്ങള്‍ വന്നിരിക്കുന്നത് 11ാം നമ്പര്‍ ഹോസ്റ്റലില്‍ മാത്രമാണ്. ഐഐടി ബോംബെയില്‍ വിതരണം ചെയ്യുന്നത് വെജിറ്റേറിയന്‍ ഭക്ഷണമാണ്. എന്നാല്‍ 40, 50 രൂപ നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് മാംസാഹാരം ലഭിക്കും. എന്നാല്‍ സാധാരണ ലഭിക്കുന്ന വലിയ പ്ലേറ്റിലായിരിക്കില്ല ഇത് ലഭിക്കുക. പ്ലാസ്റ്റിക്കിന്റെ ചെറിയ പ്ലേറ്റിലായിരിക്കും. ഹോസ്റ്റല്‍ 11 ലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇ മെയില്‍ വഴിയാണ് സര്‍ക്കുലര്‍ എത്തിച്ചത്. മാംസാഹാരത്തിനായി സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിക്കരുതെന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. 

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറ്റ് ഹോസ്റ്റലുകളില്‍ സസ്യാഹാരം കഴിക്കുന്നവര്‍ക്കും മാസാഹാരം കഴിക്കുന്നവര്‍ക്കും വ്യത്യസ്ത ടേബിളുകളാണ് ഉള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്നതെന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥി  പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടന തന്നെയാണ് പുതിയ നിയമത്തിന് പിന്നിലെന്നും എന്നാല്‍ ഇതിന് അധികൃതരുടെ അനുവാദമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മാംസാഹാരം കഴിക്കുന്ന പ്ലേറ്റില്‍ ഭക്ഷണ കഴിക്കുന്നതില്‍ ചില വെജിറ്റേറിയന്‍ സ്റ്റുഡന്‍സ് അതൃപ്തി പ്രകടിപ്പിച്ചതാണ് പുതിയ നീക്കത്തിന് കാരണമായത്. ഇത്തരം നടപടി സ്ഥാപനത്തിന്റെ പേരിന് തന്നെ ചീത്തപ്പേരാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. 

എന്നാല്‍ ഇത് പുതിയ നിയമം അല്ലെന്നും വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്നതാണെന്നുമാണ് ഹോസ്റ്റല്‍ 11 ന്റെ സ്റ്റുഡന്‍ഡ്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റിതിക വര്‍മ പറയുന്നത്. താനൊരു മാംസാഹിരിയാണെന്നും ഇതില്‍ വിവേചനം തോന്നുന്നില്ലെന്നമാണ് റിതിക പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com