പ്രതിസന്ധി അയയുന്നു; ചീഫ് ജസ്റ്റിസ് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി

കേസ് വീതം വെയ്ക്കലുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നതയ്ക്ക് ശമനമാകാന്‍ സാധ്യത.
പ്രതിസന്ധി അയയുന്നു; ചീഫ് ജസ്റ്റിസ് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കേസ് വീതം വെയ്ക്കലുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നതയ്ക്ക് ശമനമാകാന്‍ സാധ്യത. ഇതിന്റെ ഭാഗമായി ഇടഞ്ഞു നില്‍ക്കുന്ന നാലു ജഡ്ജിമാര്‍ ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് നീണ്ടു നിന്ന ചര്‍ച്ചയില്‍ തര്‍ക്ക വിഷയങ്ങളും കടന്നുവന്നുയെന്നാണ് സൂചന. ചര്‍ച്ച നാളെയും തുടരും. നേരത്തെ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുവെന്ന് സമ്മതിച്ച അറ്റോര്‍ണി ജനറല്‍ ഈ ആഴ്ച പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. 

ചീഫ് ജസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് നാലുമുതിര്‍ന്ന ജഡ്ജിമാര്‍ വെളളിയാഴ്ച വാര്‍ത്താ സമ്മേളനം നടത്തിയതിന്റെ തുടര്‍ച്ചയായുളള ദിവസങ്ങളില്‍ ഇത്തരം കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് വിട്ടുനിന്നിരുന്നു. ഇതിനിടെ ഭരണഘടനാ ബെഞ്ചില്‍ നിന്നും ഈ നാലുമുതിര്‍ന്ന ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയതും അഭിഭാഷക സമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നപരിഹാരത്തിനുളള സാധ്യത തുറന്ന് ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും കൂടിക്കാഴ്ച നടത്തിയത്. 


നേരത്തെ സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര രംഗത്തുവന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.രണ്ടു ദിവസത്തെ അവധിക്ക് ശേഷം കോടതി ചേര്‍ന്ന തിങ്കളാഴ്ച രാവിലെ പതിവ് ചായസല്‍ക്കാരത്തിനിടയില്‍ ജസ്റ്റിസ് മിശ്ര അതൃപ്തി തുറന്നുപറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഡ്ജിമാര്‍ തമ്മിലുളള തര്‍ക്കം രൂക്ഷമായി തുടരുന്നുവെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് അരുണ്‍ മിശ്രയുടെ വികാരപ്രകടനം. 


നാലു മുതിര്‍ന്ന ജഡ്ജിമാര്‍ അകാരണമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന് ആരോപിച്ചാണ് അരുണ്‍ മിശ്ര പ്രതിഷേധം രേഖപ്പെടുത്തിയത്.ജസ്റ്റിസ് ചെലമേശ്വറിന്റെ പ്രസ്താവന ജൂനിയര്‍ ജ്ഡ്ജിമാര്‍ കഴിവുക്കെട്ടവര്‍ എന്ന പ്രതീതി ജനിപ്പിച്ചു. തന്റെ കഴിവും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെട്ടു. ജെ എസ് കേഖാറും ടി എസ് താക്കൂറും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായിരുന്ന കാലത്തും ഗൗരവപ്പെട്ട കേസുകള്‍ തന്റെ പരിഗണനയ്ക്ക് വിട്ടിരുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആത്മാര്‍ത്ഥയോടെയും കഠിനാധ്വാനം ചെയ്തുമാണ് താന്‍ മുന്നോട്ടുപോയിരുന്നതെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. ഇതിനിടെ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും, മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ചെലമേശ്വറും രംഗത്തുവന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com