മെഡിക്കല്‍ കോഴ ആരോപണം അന്വേഷിക്കണം ; ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കത്ത്

 പ്രശാന്ത് ഭൂഷണാണ് കത്ത് നല്‍കിയത്. ചീഫ് ജസ്റ്റിസ് ഒഴികെയുള്ള സുപ്രീംകോടതിയിലെ ആറ് മുതിര്‍ന്ന ജഡ്ജിമാര്‍ക്കാണ് കത്ത് നല്‍കിയത്
മെഡിക്കല്‍ കോഴ ആരോപണം അന്വേഷിക്കണം ; ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കത്ത്

ന്യൂഡല്‍ഹി : മെഡിക്കല്‍ കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കത്ത്. പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കത്ത് നല്‍കിയത്. ചീഫ് ജസ്റ്റിസ് ഒഴികെയുള്ള സുപ്രീംകോടതിയിലെ ആറ് മുതിര്‍ന്ന ജഡ്ജിമാര്‍ക്കാണ് കത്ത് നല്‍കിയത്. ആരോപണവുമായി ബന്ധപ്പെട്ട തെളിവുകളും പ്രശാന്ത് ഭൂഷണ്‍ നല്‍കിയിട്ടുണ്ട്. 

സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ജോസഫ്, എകെ സിക്രി എന്നിവര്‍ക്കാണ് കത്ത് നല്‍കിയിട്ടുള്ളത്. അടിയന്തരമായി ചീഫ് ജസ്റ്റിസിനെതിരെ ആഭ്യന്തര അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. 

നാല് ജഡ്ജിമാരുടെ തുറന്നുപറച്ചില്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കോഴ വിവാദത്തില്‍ ദീപക് മിശ്രയുടെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നെന്നും, അദ്ദേഹത്തിനെതിരെ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രശാന്ത് ഭൂഷണ്‍ നേരത്തെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഹര്‍ജിയും സമാനമായ ആവശ്യം ഉന്നയിക്കുന്ന മറ്റൊരു ഹര്‍ജിയും കോടതി തള്ളുകയായിരുന്നു. 

സുപ്രീംകോടതിയുടെ സമയം പാഴാക്കിയതിന് പ്രശാന്ത് ഭൂഷണ്‍ 25 ലക്ഷംരൂപ പിഴ അടക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തുവന്ന പുതിയ സാഹചര്യത്തില്‍, ചീഫ് ജസ്റ്റിസിനെതിരായ പരാതി മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് പ്രശാന്ത് ഭൂഷണ്‍ നേരിട്ട് നല്‍കുകയായിരുന്നു. തുറന്ന കോടതിയിലെ നടപടികള്‍ക്കല്ല, കോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുകയാണെങ്കില്‍ ആഭ്യന്തരമായി കോടതിക്ക് അകത്തുനടക്കുന്ന അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് കത്ത് നല്‍കിയിട്ടുള്ളത്.

20 പേജുള്ള പരാതിയില്‍ മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച ഓഡിയോ തെളിവുകളും അദ്ദേഹം പരാതിക്കൊപ്പം ജഡ്ജിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കുന്നതിനായി ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി പ്രധാസിയും ആരോപണ വിധേയരായ രണ്ട് പേരും നടത്തിയ സംഭാഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആ സംഭാഷണങ്ങല്‍ മൊഴിമാറ്റം ചെയ്ത് പരാതിക്കൊപ്പം പ്രശാന്ത് ഭൂഷണ്‍ ജഡ്ജിമാര്‍ക്ക് നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കണമെങ്കില്‍ ഡല്‍ഹിയിലെ അമ്പലത്തില്‍ പ്രസാദം നല്‍കണമെന്നതാണ് സംഭാഷണത്തിലെ പ്രധാനപരാമര്‍ശം. ഇത് അഴിമതിയും കോഴ ഇടപാടും നടന്നിട്ടുണ്ടെന്നതിന്റെ സൂചനയാണെന്ന് പ്രശാന്ത് ഭൂഷണ്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com