ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി

സബ്‌സിഡി ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തി ട്രാവല്‍ ഏജന്‍സികള്‍ പണം തട്ടുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നതെന്നും ഇതുമൂലം സാധാരണ ഹജ്ജ് യാത്രക്കാരെ ഇത് ബാധിക്കില്ലെന്നും മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി 
ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: 700 കോടിയുടെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം മുതല്‍ സബ്‌സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. പകരം ഈ തുക മുസ്ലീം പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു

സബ്‌സിഡി ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തി ട്രാവല്‍ ഏജന്‍സികള്‍ പണം തട്ടുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നതെന്നും ഇതുമൂലം സാധാരണ ഹജ്ജ്് യാത്രക്കാരെ ഇത് ബാധിക്കില്ലെന്നും ഇതിന്റെ ഗുണം ചില ഏജന്‍സികള്‍ക്കുമാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. കപ്പലിലും ഹജിനു പോകാന്‍ സൗകര്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ഓടെ സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് ഹജ് സബ്‌സിഡി, ഹജ് സേവന പുനരവലോകന സമിതി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 450 കോടി രൂപയോളമാണു ഹജ് സബ്‌സിഡിക്കായി നീക്കിവച്ചിരുന്നത്.

ഹജ്ജ് സബ്‌സിഡി പിന്‍വലിക്കണമെന്നും പുതിയ ഹജ്ജ് നയം പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. 2012ലാണ് ഇത് സംബന്ധിച്ച് കോടതി ഉത്തരവിട്ടത്. ഘട്ടംഘട്ടമായി സബ്‌സിഡി നിര്‍ത്തലാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. 2022വരെ സുപ്രീം കോടതി സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ്  നാലുവര്‍ഷം ബാക്കിനില്‍ക്കെ  ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. 1.70 ലക്ഷം തീര്‍ഥാടകരെ തീരുമാനം ബാധിക്കും. കേരളത്തില്‍നിന്ന് പ്രതിവര്‍ഷം 10,981 പേരാണ് ഹജിനു പോയിരുന്നത്.

ഹജ് യാത്രയുടെ വിമാനക്കൂലിക്ക് സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്കു നല്‍കുന്ന സബ്‌സിഡിയാണ് ഹജ് സബ്‌സിഡി എന്ന് പൊതുവെ അറിയപ്പെട്ടിരുന്നത്.  മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടല്‍ കേന്ദ്രത്തില്‍നിന്നുള്ള വിമാനക്കൂലിക്കാണ് സബ്‌സിഡി ലഭിക്കുന്നത്. കപ്പല്‍ യാത്രയെക്കാള്‍ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സര്‍ക്കാര്‍ സഹായം എന്ന നിലയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സബ്‌സിഡിക്ക് തുടക്കമിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com