എന്താണ് ഓറഞ്ചും നീലയും പാസ്‌പോര്‍ട്ട് വിവാദം; അറിയേണ്ടതെല്ലാം

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇ.സി.ആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറത്തിലുമാണ്  ഇനി ഉണ്ടാവുക.
എന്താണ് ഓറഞ്ചും നീലയും പാസ്‌പോര്‍ട്ട് വിവാദം; അറിയേണ്ടതെല്ലാം

വിദേശകാര്യമന്ത്രാലയം നടപ്പിലാക്കാന്‍ തീരുമാനിച്ച പാസ്‌പോര്‍ട്ട് പരിഷ്‌കരണം വിവാദങ്ങള്‍ക്ക് വഴിതെളിക്കുന്നു. മൗലിക അവകാശങ്ങളുടെ ലംഘനമാണ് പുതിയ നടപടിയെന്നും പൗരന്മാരെ സാമൂഹ്യസാമ്പത്തിക സ്ഥിതി വച്ചുള്ള വേര്‍തിരിക്കലിനാണ് ഇതു വഴിയൊരുക്കുമെന്നുമാണ് വിമര്‍ശനം.

പരിഷ്‌കരണം എന്ത്?

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇ.സി.ആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറത്തിലുമാണ്  ഇനി ഉണ്ടാവുക. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നാണു മറ്റൊരു തീരുമാനം. പിതാവിന്റെയും മാതാവിന്റെയും ജീവിത പങ്കാളിയുടെയും പേരുകളും വിലാസവും ഇതുവരെ രേഖപ്പെടുത്തിയിരുന്നത് ഈ പേജിലാണ്. പാസ്‌പോര്‍ട്ട് നമ്പറും ഇഷ്യു ചെയ്ത തീയതിയും സ്ഥലവും ഈ പേജില്‍ രേഖപ്പെടുത്തിയിരുന്നു.

മാറ്റത്തിനു കാരണം? 

വിദേശകാര്യമന്ത്രാലയ, വനിതാശിശുക്ഷേമ മന്ത്രാലയം എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയുടെ നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേര് സൂചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവിധി അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ പറയുന്നു. പങ്കാളിയുടെ പിന്തുണയില്ലാതെ വളര്‍ത്തുന്ന കുട്ടികളുടെയും ദത്തെടുക്കുന്ന കുട്ടികളുടെയും അപേക്ഷകളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്നമാണു വിദേശകാര്യമന്ത്രാലയത്തിന്റെ വാദം.

എന്നു മുതല്‍?

പുതിയ പരിഷ്‌കരണം എന്നു മുതലാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. നാസിക്കിലെ ഇന്ത്യന്‍ സെക്യൂരിറ്റി പ്രസാണ് പുതിയ പാസ്‌പോര്‍ട്ട് ഡിസൈന്‍ ചെയ്യുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്നവ അതിന്റെ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം. നിലവിലുള്ള സംവിധാനമനുസരിച്ച് എമിഗ്രേഷന്‍ താരതമ്യേന ലളിതവും കൃത്യതയുമുള്ളതാണ്. നിലവില്‍ വിദേശമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് നല്‍കുന്നത്. എമിഗ്രേഷന്‍ ക്‌ളിയറന്‍സ് നല്‍കുന്നത് മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫേഴ്‌സും. ഇതിനു പുറമേ ആഭ്യന്തരമന്ത്രാലയവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു. 

ഇ.സി.ആര്‍ ? 

1983ലെ എമിഗ്രേഷന്‍ ആക്ട് പ്രകാരം പാസ്‌പോര്‍ട്ടുള്ള ചില കാറ്റഗറിയിലുള്ളവര്‍ക്ക് എമിഗ്രന്‍സ് പ്രൊട്ടക്ടര്‍ ഓഫീസില്‍ നിന്ന് ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് വേണം.  ചില രാജ്യങ്ങളിലേക്കു പോകാന്‍ മാത്രമാണ് ഈ നടപടി. അഫ്ഗാനിസ്ഥാന്‍, ബഹ്‌റിന്‍, ബ്രൂണെ, കുവൈത്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സുഡാന്‍, സൗദി അറേബ്യ, സിറിയ, തായ്‌ലന്‍ഡ്, യു.എ.ഇ., യെമന്‍ എന്നിവയാണ് ആ രാജ്യങ്ങള്‍. അങ്ങനെ രണ്ടു തരത്തിലുള്ള വര്‍ഗീകരണം നിലവിലുണ്ട്. ഇ.സി.ആര്‍ വേണ്ടുന്നത്, വേണ്ടാത്തത്.

14 യോഗ്യതകള്‍?

നികുതിദായകര്‍, പതിനെട്ട് വയസില്‍ താഴെയുള്ളവര്‍, അമ്പതുവയസിനു മുകളിലുള്ളവര്‍, പത്താം ക്‌ളാസിനു മുകളില്‍ വിദ്യാഭ്യാസമുള്ളവര്‍ തുടങ്ങി 14 കാറ്റഗറികളില്‍പ്പെട്ടവര്‍ക്ക് ഇസിഎന്‍ആര്‍ യോഗ്യത സ്വയമേവ വന്നുചേരും. വിദ്യാഭ്യാസമില്ലാത്ത, അവിദഗ്ധ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇ.സി.ആര്‍ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഇസിആര്‍ സാധാരണയായി രേഖപ്പെടുത്താറില്ല. 2007 ജനുവരിക്കു മുന്‍പ് ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ടുകളില്‍ അവസാന പേജില്‍ ചിഹ്നമില്ലെങ്കില്‍ അത് ഇസിആറാണ്. 2007നു ശേഷമുള്ള പാസ്‌പോര്‍ട്ടുകളില്‍ ചിഹ്നമില്ലെങ്കില്‍ അത് ഇ.സി.എന്‍ആറാണ്.

വിമര്‍ശനങ്ങള്‍? 

ഒന്ന്, ഗള്‍ഫ് മേഖലകളില്‍ തൊഴിലിനായി പോകുന്ന പ്രവാസികളെ രണ്ടാംതര പൗരന്മാരായി കാണുന്ന നടപടിയാണ് ഇത്. രണ്ട്, ഇ.സി.ആര്‍ വേണ്ടുന്ന രാജ്യങ്ങളെല്ലാം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ്. മൂന്ന്,  തിരിച്ചറിയല്‍ രേഖയായി ഇനി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവില്ല, ആധാര്‍ ഏകതിരിച്ചറിയല്‍രേഖയാക്കുന്നതിന്റെ ഭാഗമാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com