സുപ്രീംകോടതി പ്രതിസന്ധി: ചർച്ച ഇന്നും തുടരും; ലക്ഷ്യം ശാശ്വതപരിഹാരം

തര്‍ക്കം കൂടുതല്‍ നീണ്ടുപോകാതെ ഇന്നുതന്നെ പരിഹരിക്കുകയാണ് ലക്ഷ്യം
സുപ്രീംകോടതി പ്രതിസന്ധി: ചർച്ച ഇന്നും തുടരും; ലക്ഷ്യം ശാശ്വതപരിഹാരം

ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് ശാശ്വതപരിഹാരമുണ്ടാക്കാന്‍, ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. തര്‍ക്കം കൂടുതല്‍ നീണ്ടുപോകാതെ ഇന്നുതന്നെ പരിഹരിക്കുകയാണ് ലക്ഷ്യം. ലോയ കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത് പ്രശ്ന പരിഹാരത്തിന്റെ ആദ്യ ഭാഗമാണെന്നാണ് സൂചന.

ചൊവ്വാഴ്ച നടന്ന സമവായചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇന്നത്തെ കൂടിക്കാഴ്ച. ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗൊയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉയര്‍ത്തിയ തര്‍ക്കവിഷയങ്ങളിലും ചര്‍ച്ച തുടരും.  പ്രധാനപ്പെട്ട കേസുകള്‍ ചീഫ് ജസ്റ്റിസ് തനിക്ക് താല്‍പര്യമുളള ബെഞ്ചുകള്‍ക്ക് മാത്രം അനുവദിക്കുന്നു, ജുഡീഷ്യല്‍ നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നില്ല തുടങ്ങിയ കാര്യങ്ങളിലാണ് പരിഹാരം ഉണ്ടാകേണ്ടത്. ഫുള്‍കോര്‍ട്ട് വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍റെ നിര്‍ദേശത്തില്‍ തീരുമാനമുണ്ടാകുമോയെന്നും ഇന്നറിയാം.

അതേസമയം, ആധാര്‍ക്കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും. മുതിര്‍ന്ന ജഡ്ജിമാരെ ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആധാര്‍കാര്‍ഡ് സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്നാണ് ഭരണഘടനാബെഞ്ച് പരിശോധിക്കുന്നത്. ആധാര്‍ക്കേസില്‍ വാദം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ശബരിമല സ്ത്രീപ്രവേശനവിഷയം, സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കിയ ഉത്തരവിനെതിരെയുളള ഹര്‍ജി തുടങ്ങി എട്ട് കേസുകളും ഭരണഘടനാബെഞ്ച് പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com