'നരേന്ദ്രമോദിയും അമിത്ഷായും ഹിന്ദുക്കളല്ല'; പ്രധാനമന്ത്രിക്കും സംഘപരിവാര്‍ രാഷ്ട്രീയത്തിനുമെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

ഞാന്‍ ഹിന്ദു വിരുദ്ധനെന്നാണ് അവര്‍ ആരോപിക്കുന്നത്. അല്ല, ഞാന്‍ മോദി വിരുദ്ധനാണ്, അമിത്ഷാ വിരുദ്ധനാണ്. 
'നരേന്ദ്രമോദിയും അമിത്ഷായും ഹിന്ദുക്കളല്ല'; പ്രധാനമന്ത്രിക്കും സംഘപരിവാര്‍ രാഷ്ട്രീയത്തിനുമെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്


ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഹിന്ദുക്കളല്ലെന്ന് പ്രകാശ് രാജ് ആരോപിച്ചു. ഇന്ത്യടുഡെ സൗത്ത് കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് മോദിക്കും സംഘപരിവാര്‍ രാഷ്ട്രീയത്തിനുമെതിരെ പ്രകാശ് രാജ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. 

"ഞാന്‍ ഹിന്ദു വിരുദ്ധനെന്നാണ് അവര്‍ ആരോപിക്കുന്നത്. അല്ല, ഞാന്‍ മോദി വിരുദ്ധനാണ്, അമിത്ഷാ വിരുദ്ധനാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇവര്‍ഹിന്ദുക്കളല്ല. " പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. നടന്‍ വിശാല്‍, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍, ദലിത് ചിന്തകന്‍ കാഞ്ച ഇളയ്യ എന്നിവരും കോണ്‍ക്ലേവില്‍ പ്രകാശ് രാജിനൊപ്പം ഉണ്ടായിരുന്നു. 

സംവാദത്തിനിടെ സനല്‍കുമാറിന്റെ സെക്‌സി ദുര്‍ഗ ചിത്രത്തിനെതിരെ സംഘപരിവാര്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ പ്രകാശ് രാജ് വിമര്‍ശിച്ചു. "ചിത്രം ഹിന്ദുയിസത്തെ പ്രതിപാദിക്കുന്നതല്ല. ചിത്രം ഹിന്ദുത്വത്തിന് എതിരുമല്ല. എന്നാല്‍ ഇപ്പോഴും ചിത്രം ഹിന്ദുയിസത്തിന് എതിരാണെന്ന് ആരോപിച്ച് പ്രതിഷേധം തുടരുകയാണ്". 

നരേന്ദ്രമോദി, അമിത് ഷാ, കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ തുടങ്ങിയവര്‍ ഹിന്ദുക്കളല്ലെന്ന പ്രകാശ് രാജിന്റെ വാദത്തെ, സദസ്സിലുണ്ടായിരുന്ന ബിജെപി നേതാവ് കൃഷ്ണ സാഗര്‍ റാവു ചോദ്യം ചെയ്തു. മോദിയും അമിത്ഷായും ഹിന്ദുക്കളല്ലെന്ന് തീരുമാനിക്കാന്‍ നിങ്ങളാരെന്നായിരുന്നു കൃഷ്ണസാഗറിന്റെ ചോദ്യം. ഞാന്‍ ഹിന്ദു വിരുദ്ധനാണെന്ന് ബിജെപിക്കാര്‍ എങ്ങനെ തീരുമാനിച്ചു. കൊലയ്ക്ക് കൂട്ടുനില്‍ക്കുന്ന ആള്‍ എങ്ങനെ ഹിന്ദുവാകുമെന്ന് പ്രകാശ് രാജ് തിരിച്ചുചോദിച്ചു. 

ജനക്കൂട്ടം ഒരാളെ കൊല്ലണമെന്ന് ആക്രോശിച്ചാല്‍, അവരും ഹിന്ദുക്കളല്ലെന്ന് ഞാന്‍ പറയും. പ്രകാശ് രാജ് വ്യക്തമാക്കി. പദ്മാവദ് സിനിമ വിലക്കിയത് വഴി കലാരൂപങ്ങളെയും ആക്രമിക്കുകയാണെന്നും, രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com