സ്ത്രീധനം നല്‍കാനായില്ല ; തലാഖ് ചൊല്ലിയശേഷം യുവതിയെ ടെറസ്സില്‍ നിന്നും തള്ളിയിട്ടു

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ ഗര്‍മുക്തേശ്വറിലാണ് സംഭവം
സ്ത്രീധനം നല്‍കാനായില്ല ; തലാഖ് ചൊല്ലിയശേഷം യുവതിയെ ടെറസ്സില്‍ നിന്നും തള്ളിയിട്ടു

മുസഫര്‍ നഗര്‍ : ചോദിച്ച സ്്ത്രീധനം നല്‍കാനായില്ല എന്നതിന്റെ പേരില്‍ യുവതിയെ തലാഖ് ചൊല്ലിയശേഷം ഭര്‍ത്താവ് വീടിന്റെ ടെറസില്‍ നിന്നും തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ ഗര്‍മുക്തേശ്വറിലാണ് സംഭവം. 

28 കാരിയായ നര്‍ഗീസ് പര്‍വീണ്‍ അഞ്ചുകൊല്ലം മുമ്പാണ് ഷാം മുഹമ്മദ് എന്നയാളെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ അടക്കം മൂന്ന് കുട്ടികളും ഇവര്‍ക്കുണ്ട്. വിവാഹത്തിന് മൂന്നുലക്ഷം രൂപയാണ് മുഹമ്മദ് സ്ത്രീധനമായി നര്‍ഗീസിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിര്‍ധനരായ ഇവരുടെ മാതാപിതാക്കള്‍ക്ക് ഈ പണം കൊടുത്തുതീര്‍ക്കാനായില്ല. 

സ്ത്രീധനത്തെ ചൊല്ലി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഷാം മുഹമ്മദ്, നര്‍ഗീസ് പര്‍വീണിനെ തലാഖ് ചൊല്ലുകയും, പിന്നീട് വീടിന്റെ ടെറസില്‍ നിന്നും താഴേക്ക് തള്ളിയിടുകയുമായിരുന്നു. തൊട്ടടുത്ത ദിവസം ഇയാള്‍ നര്‍ഗീസിനെ ഖട്ടൗലിയിലുള്ള മാതാപിതാക്കളുടെ അടുത്ത് കൊണ്ടാക്കുകയും ചെയ്തു. 

നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റ നര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഭര്‍ത്താവ് 35 വയസ്സുള്ള ഷാം മുഹഹമ്മദിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഖട്ടൗലി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് മീനാക്ഷി ശര്‍മ്മ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com