സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം ; കോണ്‍ഗ്രസ് ബന്ധത്തില്‍ രണ്ടുരേഖകള്‍ പാടില്ലെന്ന് കാരാട്ട് പക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2018 08:26 AM  |  

Last Updated: 19th January 2018 08:26 AM  |   A+A-   |  

 

കൊല്‍ക്കത്ത : സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് കൊല്‍ക്കത്തയില്‍ ഇന്ന് തുടക്കം. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്. ബിജെപിയാണ് പ്രധാനശത്രുവെന്നും, അവരെ നേരിടാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി ധാരണ വേണമെന്നുമാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെടുന്നത്. യെച്ചൂരിയുടെ വാദത്തെ അനുകൂലിക്കുകയാണ് പശ്ചിമബംഗാള്‍ ഘടകം. 

അതേസമയം പാര്‍ട്ടി നയത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നും, കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കോണ്‍ഗ്രസുമായിള്ള സഖ്യത്തില്‍ വിട്ടുവീഴ്ചയില്ല. ബിജെപിയെ പുറത്താക്കാനെന്ന പേരില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണയോ സഹകരണമോ ഉണ്ടാക്കിയാല്‍ അത്  പാര്‍ട്ടിയുടെ അടിസ്ഥാനമൂല്യങ്ങള്‍ തകര്‍ക്കുന്നതാകും. 25 വര്‍ഷത്തെ തെറ്റുതിരുത്തല്‍ നടപടി പാഴാക്കരുതെന്നും കാരാട്ട് പക്ഷം വ്യക്തമാക്കുന്നു. കേരള ഘടകവും കാരാട്ടിനൊപ്പമാണ്. 

തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യെച്ചൂരിയും കാരാട്ടും അവതരിപ്പിച്ച രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന് യെച്ചൂരി വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ രണ്ട് രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോയ കീഴ് വഴക്കം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കാരാട്ട് പക്ഷം പറയുന്നത്. രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന ആവശ്യം ഉയര്‍ന്നാല്‍ കാരാട്ട് പക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടും. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ വ്യക്തമാക്കിയിരുന്നു. അനാരോഗ്യം കാരണം വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നില്ല.