ആനന്ദിബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ; പട്ടീദാര്‍ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2018 08:00 AM |
Last Updated: 20th January 2018 08:00 AM | A+A A- |

ന്യൂഡല്‍ഹി : ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച് രാഷ്ട്രപതി ഭവന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. രാംനരേഷ് യാദവ് 2016 സെപ്തംബറില്‍ വിരമിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്‌ലിക്കായിരുന്നു മധ്യപ്രദേശിന്റെയും ചുമതല. ഇതിനു പകരമാണ് ആനന്ദിബെന്‍ പട്ടേലിനെ നിയമിച്ചത്.
76 കാരിയായ ആനന്ദിബെന്‍ പട്ടേല്‍, നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനെ തുടര്‍ന്നാണ്, 2014 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ്. മുന്‍ അധ്യാപികയായ ആനന്ദിബെന്‍ പട്ടേല്‍ 2002 മുതല്‍ 2007 വരെ ഗുജറാത്തിലെ ബിജെപി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2016 ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു.
സംവരണ ആനുകൂല്യം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തിയ പ്രക്ഷോഭം നേരിടുന്നതിലുണ്ടായ വീഴ്ചയാണ് രാജിക്ക് കാരണമായത്. തുടര്‍ന്ന് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടികളുടെ പശ്ചാത്തലത്തില്‍, പട്ടീദാര്‍ സമുദായങ്ങളുടെ പ്രതിഷേധം തണുപ്പിക്കുക കൂടി ആനന്ദിബെന്നിനെ ഗവര്‍ണറാക്കിയതിന് പിന്നിലുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതിന്‍ പട്ടേലിനെ തഴഞ്ഞത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.