കോണ്‍ഗ്രസ് ബന്ധം: കാരാട്ടിന്റെ നിലപാടിന് സിസിയില്‍ മേല്‍ക്കൈ; ഭിന്നത വോട്ടെടുപ്പിലേക്ക്

കോണ്‍ഗ്രസ് സഖ്യം തള്ളിക്കൊണ്ടുള്ള രാഷ്ട്രീയ പ്രമേയം മാത്രം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചാല്‍ മതിയെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും വേണ്ടെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാടിന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ മുന്‍തൂക്കം. കോണ്‍ഗ്രസ് സഖ്യം തള്ളിക്കൊണ്ടുള്ള രാഷ്ട്രീയ പ്രമേയം മാത്രം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചാല്‍ മതിയെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ബംഗാള്‍ ഘടകം ഇതിനെതിരെ ശക്തമായി രംഗത്തുള്ളതിനാല്‍ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പു നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന, സീതാറാം യെച്ചൂരിയുടെ നയത്തിന് തിരിച്ചടി നേരിടുമെന്ന സൂചനകള്‍ ശക്തമായതോടെ ബംഗാള്‍ ഘടകം സമവായ നീക്കവുമായി രംഗത്തുവന്നിട്ടുണ്ട്. വോട്ടെടുപ്പ് ഒഴിവാക്കാനാണ് ബംഗാള്‍ ഘടകം തീവ്രശ്രമം നടത്തുന്നത്. ഭിന്നത ശക്തമായി തുടരുന്നതിനിടെ ഇന്നു വൈകിട്ട് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നുണ്ട്.

പാര്‍ട്ടി നയത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നും, കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കോണ്‍ഗ്രസുമായിള്ള സഖ്യത്തില്‍ വിട്ടുവീഴ്ചയില്ല. ബിജെപിയെ പുറത്താക്കാനെന്ന പേരില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണയോ സഹകരണമോ ഉണ്ടാക്കിയാല്‍ അത് പാര്‍ട്ടിയുടെ അടിസ്ഥാനമൂല്യങ്ങള്‍ തകര്‍ക്കുന്നതാകും. 25 വര്‍ഷത്തെ തെറ്റുതിരുത്തല്‍ നടപടി പാഴാക്കരുതെന്നും കാരാട്ട് പക്ഷം വ്യക്തമാക്കുന്നു. കേരള ഘടകവും കാരാട്ടിനൊപ്പമാണ്.അതേസമയം യെച്ചൂരിയെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ കത്തു നല്‍കിയിരുന്നു. വിഎസ് യോഗത്തില്‍ പങ്കെടുക്കുന്നില്ല.

ഭിന്നത നിലനില്‍ക്കുന്നതിനാല്‍ യെച്ചൂരിയും കാരാട്ടും അവതരിപ്പിച്ച രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ രണ്ട് രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോയ കീഴ് വഴക്കം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കാരാട്ട് പക്ഷം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com