വ്യക്തിപരമായല്ല, സംവിധാനത്തിലാണ് തിരുത്തലുണ്ടാകേണ്ടത് ; വൈകാതെ അത് സംഭവിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ചീഫ് ജസ്റ്റിസുമായി വ്യക്തിപരമായി പ്രശ്‌നങ്ങളൊന്നുമില്ല. അടുത്ത ആഴ്ചയോടെ പരിഹാരം ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
വ്യക്തിപരമായല്ല, സംവിധാനത്തിലാണ് തിരുത്തലുണ്ടാകേണ്ടത് ; വൈകാതെ അത് സംഭവിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി : വ്യക്തിപരമായ തിരുത്തലുകളല്ല, സംവിധാനത്തിലെ തിരുത്തലുകളാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. വൈകാതെ അത്തരം തിരുത്തലുകള്‍ സംഭവിക്കുക തന്നെ ചെയ്യും. ചീഫ് ജസ്റ്റിസുമായി വ്യക്തിപരമായി പ്രശ്‌നങ്ങളൊന്നുമില്ല. ജഡ്ജിമാര്‍ ചീഫ്ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയതായും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. 

സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. അടുത്ത ആഴ്ചയോടെ പരിഹാരം ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി. 

കേസുകള്‍ ബെഞ്ചുകള്‍ക്ക് കൈമാറുന്ന നടപടി സുതാര്യമാക്കണം. ഇതിനായി മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്‍ സംവിധാനം ഏര്‍പ്പെടുത്തണം. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ അംഗീകരിച്ച് ചീഫ് ജസ്റ്റിസ് വാര്‍ത്താസമ്മേളനം വിളിക്കണം എന്നീ ആവശ്യങ്ങളാണ് വാര്‍ത്താസമ്മേളനം വിളിച്ച നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാട് അറിയിച്ചതായാണ് സൂചന. 

സുപ്രീംകോടതിയുടെ ആരംഭകാലം മുതല്‍ തന്നെ കേസുകള്‍ ഏത് ബെഞ്ചിന് കൈമാറണമെന്ന് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. ഇത് മാറ്റാനാകില്ല. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ മുതിര്‍ന്ന ജഡ്ജിമാരുടെ പാനല്‍ രൂപീകരിക്കാനാകില്ല. ജഡ്ജിമാരുടെ രണ്ടാമത്തെ ആവശ്യമായ വാര്‍ത്താസമ്മേളനം വിളിക്കുന്നതും സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നവരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com