സോണിയക്കും രാഹുലിനുമെതിരെ ആദായനികുതി ബോംബുമായി സുബ്രഹ്മണ്യം സ്വാമി

രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഉടമസ്ഥതയിലുളള യങ് ഇന്ത്യയ്ക്ക് എതിരായുളള ആദായനികുതി മൂല്യനിര്‍ണയ ഉത്തരവ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു
സോണിയക്കും രാഹുലിനുമെതിരെ ആദായനികുതി ബോംബുമായി സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി:  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പുതിയ വഴിത്തിരിവ്. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഉടമസ്ഥതയിലുളള യങ് ഇന്ത്യയ്ക്ക് എതിരായുളള ആദായനികുതി മൂല്യനിര്‍ണയ ഉത്തരവ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. ഇത് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

1973 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതിയതായി ഉണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് സുബ്രഹ്മണ്യം സ്വാമി തന്നെയാണ് പരാതിയുമായി രംഗത്തുവന്നത്. ഇത് പിന്നിട് കോണ്‍ഗ്രസിനെ തന്നെ പിടിച്ചുകുലുക്കുന്ന നിലയില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു. നിലവില്‍ പ്രവര്‍ത്തനരഹിതമായ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുളള 105 പേജു വരുന്ന ആദായനികുതി മൂല്യനിര്‍ണയ ഉത്തരവാണ് സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ സമര്‍പ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് ഇടപാട് പൂര്‍ണമായി വ്യാജമാണെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. കേസ് മാര്‍ച്ച് 17 വരെ കോടതി നീണ്ടിവെച്ചു. 

അസോസിയേറ്റഡ് ജേണല്‍ലിന് 90 കോടി രൂപ  വായ്പ നല്‍കിയെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളളയാണെന്ന് ആദായനികുതി മൂല്യനിര്‍ണയ ഉത്തരവ് പരിശോധിച്ചാല്‍ മനസിലാകുമെന്ന് സുബ്രഹ്മണ്യം സ്വാമി വാദിച്ചു. കൂടാതെ ഇത്തരത്തിലുളള ഒരു ഇടപാട് ഇതുവരെ നടന്നിട്ടില്ലെന്നും സ്വാമി ആരോപിക്കുന്നു. 

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുളള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ യങ് ഇന്ത്യന്‍ എന്നൊരു ഉപകമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്. ഇതിലുടെ അനധികൃതമായി വരുമാനം ഉണ്ടാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടി 414 കോടി രൂപ നികുതിയായി അടയ്ക്കണമെന്നും സ്വാമി ആവശ്യപ്പെടുന്നു. ആദായനികുതി മൂല്യനിര്‍ണയ ഉത്തരവ് കോടതിയില്‍ സമര്‍പ്പിച്ച സുബ്രഹ്മണ്യം സ്വാമി സോണിയയുടെ മകള്‍ പ്രിയങ്ക വദ്രയ്ക്കും ഇതില്‍ പങ്കുളളതായി ഹര്‍ജിയിലുടെ ആരോപിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com