ദളിതരെ നായകളോട് ഉപമിച്ച് ബിജെപി മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ; നേതൃത്വം രാജി ആവശ്യപ്പെടണമെന്ന് പ്രകാശ് രാജ്

ഭരണഘടന മാറ്റുമെന്ന വിവാദപരാമര്‍ശത്തിന് പിന്നാലെ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ വീണ്ടും വിവാദകുരുക്കില്‍
ദളിതരെ നായകളോട് ഉപമിച്ച് ബിജെപി മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ; നേതൃത്വം രാജി ആവശ്യപ്പെടണമെന്ന് പ്രകാശ് രാജ്

ബെല്ലാരി: ഭരണഘടന മാറ്റുമെന്ന വിവാദപരാമര്‍ശത്തിന് പിന്നാലെ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ വീണ്ടും വിവാദകുരുക്കില്‍. ഇത്തവണ ദളിതരെ നായകളോട് ഉപമിച്ചതാണ് ഹെഗ്‌ഡെയ്ക്ക് വിനയായത്. കോണ്‍ഗ്രസിന് പിന്നാലെ നടന്‍ പ്രകാശ് രാജും ഹെഗ്‌ഡെയ്ക്ക് എതിരെ രംഗത്തുവന്നു. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ ഹെഗ്‌ഡെയുടെ രാജി എഴുതിവാങ്ങണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു

കര്‍ണാടക ബെല്ലാരിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു കേന്ദ്രനൈപുണ്യ വികസന മന്ത്രിയായ ഹെഗ്‌ഡെയുടെ വിവാദ പ്രസ്താവന. പ്രതിഷേധം നടത്തുന്ന തെരുവുനായകളുടെ കുരയെ ഭയക്കേണ്ടതില്ലെന്ന് ദളിത് പ്രതിഷേധത്തെ കുറിച്ച് മന്ത്രി പറഞ്ഞ വാക്കുകളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.  കേന്ദ്രമന്ത്രി പരിപാടിക്ക് എത്തുന്നതിന് മുമ്പ് ദളിതരെന്ന് അവകാശപ്പെടുന്ന കുറച്ചുപേര്‍ മന്ത്രിയുടെ വാഹനം തടയുകയും മന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പ്രസംഗമാണ് വിവാദമായത്

മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. എല്ലാ സീമകളും ലംഘിച്ച മന്ത്രിയുടെ രാജി ബിജെപി നേതൃത്വം എഴുതിവാങ്ങണമെന്ന് പ്രകാശ് രാജ് ട്വിറ്ററിലുടെ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ പ്രസ്താവന രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് വളച്ചൊടിച്ചതാണെന്ന് അനന്ത്കുമാര്‍ ഹെഗ്‌ഡേ ആരോപിച്ചു.

അടുത്തിടെ ഭരണഘടന വൈകാതെ മാറ്റുമെന്ന വിവാദം പരാമര്‍ശം നടത്തിയ അനന്ത് കുമാര്‍ ഹെഗ്‌ഡെ പ്രതിഷേധം കനത്തതോടെ മാപ്പുപറഞ്ഞ് വിവാദത്തില്‍ നിന്നും തടിയൂരിയിരുന്നു. ഇതിന് പിന്നാലെയാണ് ദളിതര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തി മന്ത്രി രംഗത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com