ഒരു ചായകടക്കാരന് മാത്രമേ തൊഴില്‍രഹിതനോട് ബജി വില്‍ക്കാന്‍ പറയാന്‍ കഴിയൂ; മോദിയെ പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍

ചായവില്‍പ്പന നടത്തിയ ആള്‍ക്ക് മാത്രമേ തൊഴിലിനായി യുവാക്കളോട് ബജിവില്‍പ്പന ഉപദേശിക്കാന്‍ കഴിയുവെന്ന് ഹാര്‍ദിക് പട്ടേല്‍ പരിഹസിച്ചു.
ഒരു ചായകടക്കാരന് മാത്രമേ തൊഴില്‍രഹിതനോട് ബജി വില്‍ക്കാന്‍ പറയാന്‍ കഴിയൂ; മോദിയെ പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വിമര്‍ശിച്ച് പട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ചായവില്‍പ്പന നടത്തിയ ആള്‍ക്ക് മാത്രമേ തൊഴിലിനായി യുവാക്കളോട് ബജിവില്‍പ്പന ഉപദേശിക്കാന്‍ കഴിയുവെന്ന് ഹാര്‍ദിക് പട്ടേല്‍ പരിഹസിച്ചു. ഇതോടെ ചായവില്‍പ്പനക്കാരന്‍ എന്ന പദപ്രയോഗം വീണ്ടും ദേശീയതലത്തില്‍ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം സീ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ രാജ്യത്തെ തൊഴില്‍രംഗത്തെ കുറിച്ച് വിശദീകരിക്കുമ്പോഴാണ് ബജി വില്‍പ്പന മോദി ഉദാഹരണമായി പ്രതിപാദിച്ചത്.ഒരാള്‍ സീ ന്യൂസിന് പുറത്ത് ബജി വില്‍പ്പന നടത്തി പ്രതിദിനം 200 രൂപ സമ്പാദിച്ചാല്‍ അതിനെ തൊഴിലായി കണക്കാക്കാന്‍ കഴിയുകയില്ലെയെന്നായിരുന്നു മോദിയുടെ ചോദ്യം. ഇതിന് പിന്നാലെയാണ് ചായവില്‍പ്പനക്കാരന്‍ എന്ന പദപ്രയോഗം ഉന്നയിച്ച് ഹാര്‍ദിക് പട്ടേല്‍ മോദിയെ ട്വറ്ററില്‍ കടന്നാക്രമിച്ചത്.

 ഒരു ചായവില്‍പ്പനക്കാരന് മാത്രമേ തെരുവോരത്ത് ബജിവില്‍പ്പന നടത്താന്‍ ഒരു തൊഴില്‍രഹിതനായ ചെറുപ്പക്കാരനോട് നിര്‍ദേശിക്കാന്‍ കഴിയുവെന്നായിരുന്നു ഹാര്‍ദിക്കിന്റെ ട്വിറ്റര്‍ പരാമര്‍ശം. ഒരു സാമ്പത്തിക വിദ്ധഗ്ധന്‍ ഒരിക്കലും ഇത്തരത്തിലുളള നിര്‍ദേശം മുന്നോട്ടുവെയ്ക്കില്ലെന്നും ഹാര്‍ദിക് പട്ടേല്‍ ഓര്‍മ്മപ്പെടുത്തുന്നു.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിലും , ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും ചായവില്‍പ്പനക്കാരന്‍ എന്ന പദപ്രയോഗം പ്രതിപക്ഷം മോദിയ്‌ക്കെതിരെ ആയുധമാക്കിയിരുന്നു. എന്നാല്‍ ഇത് മോദിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയാനാണ് ഇടയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com