'കോണ്‍ഗ്രസ് ബന്ധം തള്ളിയത് ബിജെപിയെ സഹായിക്കാനാണ് എന്നത് ദുരാരോപണം' ; വിശദീകരണവുമായി കാരാട്ട് പക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2018 02:37 PM  |  

Last Updated: 22nd January 2018 02:44 PM  |   A+A-   |  

 

ന്യൂഡല്‍ഹി : കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ട എന്ന സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം ബിജെപിയെ സഹായിക്കാനാണ് എന്നത് ദുരാരോപണമാണെന്ന വിശദീകരണവുമായി നേതൃത്വം. കോണ്‍ഗ്രസ് ബന്ധത്തെ നഖശിഖാന്തം എതിര്‍ത്തിരുന്ന കാരാട്ട് പക്ഷമാണ് വിശദീകരണവുമായി രംഗത്തുവന്നത്. ബിജെപിയാണ് മുഖ്യശത്രുവെന്ന് നേരത്തെ തന്നെ പാര്‍ട്ടി പ്രഖ്യാപിച്ചതാണ്. പരസ്യപ്രതികരണത്തിലൂടെ അനാവശ്യപ്രചാരണം നല്‍കാനില്ലെന്നും കാരാട്ട് പക്ഷം വ്യക്തമാക്കി. 

ബിജെപി രാജ്യത്ത് പിടിമുറുക്കുന്ന പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി യാതൊരു സഖ്യവും വേണ്ടെന്ന നിലപാട്, ബിജെപിയെ സഹായിക്കാനാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ അടക്കം നിരവധി നേതാക്കള്‍ ആരോപിച്ചിരുന്നു. ലാവലിന്‍, ടിപി കേസ് അടക്കമുള്ളവയാണ് ബിജെപിയോട് മൃദുസമീപനം പുലര്‍ത്തുന്നതിന് കാരണമെന്നും ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസുമായി സഹകരണം  വേണ്ടെന്ന നയം മതേതര ശക്തികളെ ഒറ്റിക്കൊടുക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും അഭിപ്രായപ്പെട്ടിരുന്നു. 

സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് വഴിയാണ് കോണ്‍ഗ്രസ് ബന്ധത്തില്‍ തീരുമാനം കൈക്കൊണ്ടത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ സമീപനരേഖയാണ് കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളിയത്. യെച്ചൂരിയുടെ രേഖയ്ക്ക് 31 വോട്ടാണ് ലഭിച്ചത്. അതേസമയം കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് 55 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. കേരള ഘടകം കാരാട്ടിന്റെ ലൈനിനൊപ്പമാണ് നിലയുറപ്പിച്ചത്. യെച്ചൂരിയുടെ നിലപാടിനോട് ആഭിമുഖ്യം ഉണ്ടായിരുന്ന മന്ത്രി തോമസ് ഐസക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ രാവിലെ തന്നെ കേരളത്തിലേക്ക് മടങ്ങിയിരുന്നു.