മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണം; ഇരട്ടപ്പദവിയില്‍ തിരിച്ചടിച്ച് ആംആദ്മി

മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാര്‍ ഇരട്ടപ്പദവി വഹിക്കുന്നതായി ആംആദ്മി പാര്‍ട്ടി ആരോപിച്ചു
മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണം; ഇരട്ടപ്പദവിയില്‍ തിരിച്ചടിച്ച് ആംആദ്മി

ഭോപ്പാല്‍: ഇരട്ടപ്പദവിയുടെ പേരില്‍ തങ്ങളുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയത് അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനം വിവാദമായതിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് ആംആദ്മി പാര്‍ട്ടി. മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാര്‍ ഇരട്ടപ്പദവി വഹിക്കുന്നതായി ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ഇവര്‍ക്ക് എതിരെ സമാനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാര്‍ ഇരട്ടപദവി വഹിക്കുന്നതായി 2016ല്‍ തന്നെ തങ്ങള്‍ ഉന്നയിച്ചതായി ആംഅദ്മി പാര്‍ട്ടി മധ്യപ്രദേശ് കണ്‍വീനര്‍ അലോക് അഗര്‍വാള്‍ ആരോപിച്ചു. എന്നാല്‍ ഇവരെ അയോഗ്യരാക്കുന്ന ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. തുടര്‍ന്ന്  ജനപ്രാതിനിധ്യനിയമം ചൂണ്ടിക്കാട്ടി ഗവര്‍ണറെയും സമീപിച്ചു. എന്നാല്‍ യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കണ്‍വീനര്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസമാണ് ഇരട്ടപ്പദവി വഹിക്കുന്നതായുളള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി നിയമസഭയിലെ 20 ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയത്. ഇതിന് പിന്നാലെ മധ്യപ്രദേശില്‍ ബിജെപി എംഎല്‍എമാര്‍ ഇരട്ടപ്പദവി വഹിക്കുന്നതായുളള പരാതി ആംആദ്മി പാര്‍ട്ടി വീണ്ടും ബിജെപിക്ക് എതിരെ ആയുധമാക്കുകയാണ്. 

മധ്യപ്രദേശിലെ കോളേജുകളുമായി ബന്ധപ്പെട്ട ജന്‍ ഭാഗ്വിധാരി സമിതികളില്‍ ഭൂരിപക്ഷം എംഎല്‍എമാരും അംഗങ്ങളാണ്. ഇത് ഇരട്ടപ്പദവിയുടെ പരിധിയില്‍ വരുമെന്നാണ് ആംആദ്മി പാര്‍ട്ടി മുഖ്യമായി ഉന്നയിക്കുന്നത്. രണ്ട് മധ്യപ്രദേശ് മന്ത്രിമാര്‍ ഇന്ത്യന്‍ സ്‌കൗട്ട് ആന്റ് ഗൈഡിലെ ഭാരവാഹികളാണ്. ഇത്തരത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ ഇരട്ടപ്പദവി വഹിക്കുന്നതായും ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com