ലോയ കേസ് ഗൗരവമേറിയത് ; ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ്

ലോയയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ കോടതി പരിശോധിക്കും.  മരണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോടതി
ലോയ കേസ് ഗൗരവമേറിയത് ; ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ്

ന്യൂഡല്‍ഹി : ജസ്റ്റിസ് ലോയ കേസ് ഗൗരവമേറിയതെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയിലുള്ള ഹര്‍ജി സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കും. മരണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ കോടതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പത്ര-മാധ്യമ റിപ്പോര്‍ട്ടുകളും പരിശോധിക്കും. മഹാരാഷ്ട്ര സര്‍ക്കാരിനായി ഹരീഷ് സാല്‍വെ ഹാജരാകരുതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ആര് ഹാജരാകുന്നു എന്നത് പ്രസക്തമല്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനും കോടതി ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. 

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ജസ്റ്റിസ് ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകളുടെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ ജസ്റ്റിസ് മിശ്ര കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സെഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജിയാണ് ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ലോയ. കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്ന അമിത് ഷാ, കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ലോയ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാഗ്പൂരിലെ ഗസ്റ്റ്ഹൗസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ലോയയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. 

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവും സഹോദരിയും രംഗത്തുവന്നിരുന്നു. ജസ്റ്റിസ് ലോയയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയതും, ആരെയും അറിയിക്കാതെ പോസ്റ്റ് മോര്‍ട്ടം നടത്തിയതും, അകമ്പടിക്ക് ആരുമില്ലാതെ മൃതദേഹം വീട്ടിലെത്തിച്ചതും ദുരുഹത ഉണര്‍ത്തുന്നതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അതിനിടെ അച്ഛന്റെ മരണത്തില്‍ കുടുംബത്തിന് സംശയമൊന്നുമില്ലെന്ന് മകന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നാണ് ലോയയുടെ അമ്മാവന്റെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com