പദ്മാവതിന് വിലക്കില്ല, സംസ്ഥാനങ്ങളുടെ ഹര്‍ജി തള്ളി

പദ്മാവതിന് വിലക്കില്ല, സംസ്ഥാനങ്ങളുടെ ഹര്‍ജി തള്ളി
പദ്മാവതിന് വിലക്കില്ല, സംസ്ഥാനങ്ങളുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവതിന് പ്രദര്‍ശനാനുമതി നല്‍കിയതിന് എതിരെ രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകല്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്യാന്‍ കോടതി തയാറായില്ല. ചിത്രത്തിന് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. 

സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമകള്‍ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ചിത്രം റിലീസ് ചെയ്താല്‍ ക്രമസമാധാനം തകരുമെന്ന സംസ്ഥാനങ്ങളുടെ വാദം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളി. ക്രമസമാധാനം തകരാതെ നോക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. ഇതിന് സിനിമ നിരോധിക്കുകയല്ല വേണ്ടത്. ആവശ്യമായ സുരക്ഷ ഒരുക്കുകയാണ് വേണ്ടത്. സിനിമ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം ഞെട്ടിച്ചെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകളാണ് പദ്മാവത് വിലക്കി ഉത്തരവു പുറപ്പെടുവിച്ചിരുന്നത്. ഈ മാസം 25നാണ് പദ്മാവതിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com