ശിവസേന എന്‍ഡിഎ വിടുന്നു, 2019ല്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപനം

രാജ്യത്ത് ബിജെപിയുടെ  ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയാണ് ശിവേസന. ഏറെ നാളായി ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായ നിലയിലാണ്
ശിവസേന എന്‍ഡിഎ വിടുന്നു, 2019ല്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപനം

മുംബൈ: മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള ബന്ധം ഉപേക്ഷിച്ച് ശിവസേന ദേശീയ ജനാധിപത്യ സഖ്യം വിടുന്നു. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചു. 

മുംബൈയില്‍ ചേര്‍ന്ന ശിവസേനാ ദേശീയ നിര്‍വാഹക സമിതി യോഗമാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ വിടാന്‍ തീരുമാനിച്ചത്. രാജ്യത്ത് ബിജെപിയുടെ  ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയാണ് ശിവേസന. ഏറെ നാളായി ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായ നിലയിലാണ്. 

മഹാരാഷ്ട്രയില്‍ ശിവേസനയും ബിജെപിയും ചേര്‍ന്ന സഖ്യമാണ് ഭരണം നടത്തുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേന എന്‍ഡിഎ വിടുന്നതിന്റെ വ്യക്തമായ സൂചനകള്‍നേരത്തെ നല്‍കിയിരുന്നു. അതിനു ശേഷവും ബിജെപി നേതൃത്വത്തില്‍നിന്ന് അനുരഞ്ജന നീക്കങ്ങളൊന്നും ഇല്ലാതിരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

നിലവിലെ സഖ്യത്തില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തുവരണമെന്നും തെരഞ്ഞെടുപ്പിലൂടെ ഒറ്റയ്ക്ക് അധികാരം പിടിക്കണമെന്നും ശിവസേന യുവജന വിഭാഗം നേതാവ് ആദിത്യ താക്കറെയാണ് ഏതാനും ആഴ്ചകള്‍ മുമ്പ് പ്രഖ്യാപിച്ചത്. അഹമ്മദ്‌നഗറിലെ റാലിയിലായിരുന്നു ആദിത്യ താക്കറെയുടെ പ്രഖ്യാപനം. 

അധികം താമസിക്കാതെ അധികാരത്തിലെത്താന്‍ നമുക്ക് സാധിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ ബിജെപിയെ മാറ്റി നമുക്ക് അധികാരത്തിലെത്താം.അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ് ആദിത്യ പ്രവര്‍ത്തകരോടു പറഞ്ഞു.

എന്തൊക്കെ സംഭവിച്ചാലും തനിച്ച് അധികാരത്തിലെത്താനാവണം നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. രാഷ്ട്രീയ ചൂട് മഹാരാഷ്ട്രയില്‍ കൂടുതലാണ്. എന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് അറിയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഇതു നടക്കുമെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ആദിത്യ പറഞ്ഞു.

മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അതു പാര്‍ട്ടിക്കു തിരിച്ചടിയാണുണ്ടാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com