സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം ; പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് സീതാറാം യെച്ചൂരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2018 03:15 PM  |  

Last Updated: 23rd January 2018 03:16 PM  |   A+A-   |  

 

ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ നീക്കം. പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിച്ച് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഈ നടപടിയിലേക്ക് പോകുന്നത്. 

ജഡ്ജിമാര്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടപെടേണ്ടത് ലെജിസ്ലേച്ചറിന്റെ ഉത്തരവാദിത്തമാണ്. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിക്കും. ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കാനുള്ള സാധ്യതയാണ് ആരായുന്നതെന്ന് യെച്ചൂരി വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് സുപ്രീംകോടതിയില്‍ പ്രതിസന്ധി ഉടലെടുത്തത്. വിഷയത്തില്‍ ഇതുവരെ പരിഹാരമായിട്ടില്ല. പ്രതിഷേധിച്ച ജഡ്ജിമാരും ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തിയെങ്കിലും, വിമത ജഡ്ജിമാരുടെ ആവശ്യത്തിന്മേല്‍ ചീഫ് ജസ്റ്റിസ് വ്യക്തമായ പ്രതികരണം നടത്താത്തതാണ് പ്രശ്‌നപരിഹാരം അകലെയാക്കുന്നത്. കുറഞ്ഞത് 100 എംപിമാരെങ്കിലും ഒപ്പിട്ട് പരാതി നല്‍കുന്നതോടെയാണ് പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കമിടുന്നത്.