ഗാന്ധിവധം അന്വേഷിക്കാന്‍ കമ്മീഷനെ വയ്ക്കാമെങ്കില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ മരണത്തില്‍ എന്തുകൊണ്ടായിക്കൂടാ;  ത്രിപുര ഗവര്‍ണര്‍

ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ദുരൂഹ മരണങ്ങള്‍ വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ത്രിപുര ഗവര്‍ണറും ബിജെപി നേതാവുമായി തഥാഗത റോയ്
ഗാന്ധിവധം അന്വേഷിക്കാന്‍ കമ്മീഷനെ വയ്ക്കാമെങ്കില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ മരണത്തില്‍ എന്തുകൊണ്ടായിക്കൂടാ;  ത്രിപുര ഗവര്‍ണര്‍

കൊല്‍ക്കത്ത: ബിജെപിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ദുരൂഹ മരണങ്ങള്‍ വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ത്രിപുര ഗവര്‍ണറും ബിജെപി നേതാവുമായി തഥാഗത റോയ്. 

ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും മരണത്തില്‍ കൃത്യമായ ഒരു അന്വേഷണം വേണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം എന്ന് റോയ് കൊല്‍ക്കത്തയില്‍ പറഞ്ഞു. 

നിഗൂഢമായ സന്ദര്‍ഭങ്ങളിലാണ് രണ്ടുപേരും മരിച്ചത്. യഥാര്‍ഥത്തില്‍ എന്താണ് ഇരുവര്‍ക്കും സംഭവിച്ചത് എന്ന് നമുക്ക് അറിയില്ല. തീര്‍ച്ചയായും അത് വ്യക്തമാക്കുന്ന ഒരു അന്വേഷണം വേണം, റോയ് കൂട്ടിച്ചേര്‍ത്തു. 

സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം അന്വേഷിക്കാനും മഹാത്മാ ഗാന്ധിയുടെ കൊലപാതകം അന്വേഷിക്കാനും അന്വേഷണ കമ്മീഷനെ നിയമിക്കാമെങ്കില്‍ മുഖര്‍ജിയുടെയും ഉപാധ്യായയുടെയും മരണങ്ങളില്‍ എന്തുകൊണ്ടായിക്കൂടാ എന്നും തഥാഗത റോയ് ചോദിച്ചു. 

1951ലാണ് ഭാരതീയ ജനസംഘം രൂപീകരിക്കുന്നത്. പിന്നീട് 1977ല്‍ ബിജെപി രൂപീകൃതയമായി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കണം എന്ന് വാദിച്ചിരുന്ന നേതാവായിരുന്നു ശ്യമാപ്രസാദ് മുഖര്‍ജി. 1953 മെയ് 11ല്‍ കശ്മീരില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ മുഖര്‍ജി ജയിലില്‍ വച്ച് ജൂണ്‍ 23 മരണപ്പെടുകയായിരുന്നു. 

ജനസംഘത്തിന്റെ അധ്യക്ഷനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായ 1968 ഫെബ്രുവരി 11നാണ് മരിക്കുന്നത്. ലക്‌നൗവില്‍ നിന്ന് പട്‌നയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ  ദുരൂഹ സാഹചര്യത്തില്‍ ഉപാധ്യായ മരിക്കുകയായിരുന്നു. ഉപാധ്യായയുടെ മരണത്തില്‍ അന്നത്തെ ജനസംഘം നേതാക്കളായിരുന്ന ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ശക്തമായ ആരോപണം നിലനിന്നിരുന്നു. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്‍മശദാബ്ദി ആഘോഷിച്ച സമയം പലരും പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുത്ത് രംഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com