ഞാന്‍ കോണ്‍ഗ്രസ് അനുകൂലിയെങ്കില്‍ അവര്‍ ബിജെപി അനുകൂലികളല്ലേ?: സീതാറാം യെച്ചൂരി

പാര്‍ട്ടി കോണ്‍ഗ്രസാണ് ഏറ്റവും ഉന്നതമായ  നയരൂപീകരണ സംവിധാനം. അടവു നയത്തിന്റെ കരടില്‍ പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റം വരുത്തുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബിജെപിയെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസുമായി സഖ്യമാവാമെന്നു നിര്‍ദേശിച്ചതിന്റെ പേരില്‍ തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്നു വിളിച്ചാല്‍, മറുപക്ഷത്തെ ബിജെപി അനുകൂലിയെന്നു വിശേഷിപ്പിക്കാന്‍ തനിക്കാവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അടവുനയം സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരടില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ഭേദഗതികള്‍ നിര്‍ദേശിക്കാനാവുമെന്ന് യെച്ചൂരി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍.

താന്‍ കോണ്‍ഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ല. താന്‍ ഇന്ത്യന്‍ ജനതയെയാണ് അനുകൂലിക്കുന്നത്. ഇങ്ങനെ ലേബല്‍ ചെയ്യുന്നതിലൊന്നും കാര്യമില്ല. അടവുനയം സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ഒരു രേഖ അംഗീകരിച്ചു എന്നതാണ് കാര്യം. ആ രേഖ പാര്‍ട്ടി കോണ്‍ഗ്രസിലോക്കു പോവും. അവിടെ ഏതു പ്രതിനിധിക്കും അതിനു ഭേദഗതി നിര്‍ദേശിക്കാം. അതെല്ലാം പരിഗണിച്ച്, ചര്‍ച്ച ചെയ്താണ് തീരുമാനത്തിലെത്തുന്നത്- യെച്ചൂരി വിശദീകരിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസാണ് ഏറ്റവും ഉന്നതമായ  നയരൂപീകരണ സംവിധാനം. അടവു നയത്തിന്റെ കരടില്‍ പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റം വരുത്തുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല.

താന്‍ മുന്നോട്ടുവച്ച രേഖയ്ക്കു വിരുദ്ധമായി പാര്‍ട്ടി തീരുമാനമെടുത്ത സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി പദത്തില്‍ തുടരാനാവില്ലെന്ന് പൊളിറ്റ് ബ്യൂറോയില്‍ വ്യക്തമാക്കിയതായി യെച്ചൂരി ആവര്‍ത്തിച്ചു. അത്തരമൊരു പ്രശ്‌നമുദിക്കുന്നില്ലെന്ന നിലപാടാണ് പിബി ഏകകണ്ഠമായി സ്വീകരിച്ചത്. രാജിസന്നദ്ധത അറിയിച്ച കാര്യം കേന്ദ്ര കമ്മിറ്റിയിലും പറഞ്ഞിരുന്നു. സിസിയും താന്‍ തുടരണമെന്ന് ഏകകണ്ഠമായി നിര്‍ദേശിക്കുകയാണ് ചെയ്തത്- യെച്ചൂരി പറഞ്ഞു.

വിരുദ്ധമായ സമീപനങ്ങള്‍ക്കു പിന്നില്‍ വ്യക്തിതാല്‍പ്പര്യങ്ങളുണ്ടോയെന്ന ചോദ്യത്തിന് തന്നെ സംബന്ധിച്ച് അങ്ങനെയില്ലെന്ന് ഉറപ്പിച്ചു പറയാനാവുമെന്ന് യെച്ചൂരി മറുപടി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com