പദ്മാവതിനെതിരെ പ്രതിഷേധം ; ഉത്തരേന്ത്യയില്‍ വ്യാപക അക്രമം ; കര്‍ണിസേനയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസ്

ആക്രമണ ഭീഷണി ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ്
പദ്മാവതിനെതിരെ പ്രതിഷേധം ; ഉത്തരേന്ത്യയില്‍ വ്യാപക അക്രമം ; കര്‍ണിസേനയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസ്


ന്യൂഡല്‍ഹി : വിവാദ ചലച്ചിത്രം പദ്മാവത് റിലീസായതിന് പിന്നാലെ, ചിത്രത്തിനെതിരെ ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം. രജ്പുത് കര്‍ണിസേനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കര്‍ണിസേന ആവാനം ചെയ്ത ഭാരത് ബന്ദ്, രാജ്യവ്യാപക 'ജനതാകര്‍ഫ്യു' ഭീഷണികള്‍ക്കിടെയാണ് ചിത്രം രാജ്യത്തെ തിയറ്ററുകളിലെത്തിയത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ പ്രതിഷേധക്കാര്‍ കടകള്‍ തകര്‍ക്കുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു. 

രാജസ്ഥാനിലെ ജയ്പൂര്‍, ബീഹാറിലെ മുസഫര്‍പൂര്‍, യുപിയിലെ വാരാണസി തുടങ്ങിയ ഇടങ്ങളിലെല്ലാം കര്‍ണിസേനയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും റാലിയും സംഘടിപ്പിച്ചു. ജയ്പൂരില്‍ പ്രതിഷേധക്കാര്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. മുസഫര്‍പൂരില്‍ വാളുകളും ഏന്തിയായിരുന്നു പ്രതിഷേധമാര്‍ച്ച്. 

സിനിമ റിലീസാകുന്നത് പരിഗണിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുന്‍കരുതലിന്റെ ഭാഗമായി മുംബൈയില്‍ 30 കര്‍ണിസേനക്കാരെയും ഗുജറാത്തിലെ അഹമ്മദാബാദില്‍ 44 പേരെയും അറസ്റ്റു ചെയ്തു. കര്‍ണിസേനയോട് ആഭിമുഖ്യമുള്ള നിരവധിപേരെ ഡല്‍ഹിയിലും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ലഖ്‌നൗവില്‍ സിനിമ കാണാനെത്തിയവരെ റോസാപൂക്കള്‍ നല്‍കിയാണ് പ്രതിഷേധക്കാര്‍ മടക്കി അയക്കാന്‍ ശ്രമിച്ചത്. സിനിമയ്ക്ക് ടിക്കറ്റെടുത്തവര്‍ക്ക് പണം തങ്ങള്‍ മടക്കി നല്‍കുമെന്നും പ്രതിഷേ്ധക്കാര്‍ അറിയിച്ചു. അതിനിടെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണ ഭീഷണി ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ്. 

അതിനിടെ സുപ്രീംകോടതി വിധി ലംഘിച്ച് സിനിമയ്‌ക്കെതിരെ പ്രതിഷേധവുവായി രംഗത്തെത്തിയ കര്‍ണിസേന നേതാക്കള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. സിനിമക്കെതിരെ പ്രതിഷേധം അലയടിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സര്‍ക്കാരുകള്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസുകാരനായ തെഹ്‌സിന്‍ പൂനെവാലയാണ് പരാതി നല്‍കിയത്. അക്രമം അമര്‍ച്ച ചെയ്ത് സിനിമ റിലീസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന സുപ്രീംകോടതി വിധി പാലിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പൂനെവാലെയുടെ പരാതിയിലെ ആക്ഷേപം. 

പദ്മാവതുമായി ബന്ധപ്പെട്ട പരാതികളെല്ലാം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാകും കേസുകള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. പ്രതിഷേധത്തിന്റെ ഭാഗമായി 1908 സ്ത്രീകള്‍ തീയില്‍ ചാടി ജീവനൊടുക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ചിത്തോഡ് കോട്ട അടച്ചിട്ടിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com