ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 2014നെക്കാള്‍ സീറ്റ് ലഭിക്കുമെന്ന് അമിത് ഷാ

ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ 2014 നെക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 2014നെക്കാള്‍ സീറ്റ് ലഭിക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ 2014 നെക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ആറ് സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് ഭരണമുണ്ടായിരുന്നത്. ഇന്ന്  19 സംസ്ഥാനങ്ങളിലേക്ക് നീണ്ടു. 2019 ല്‍ 22 സംസ്ഥാനങ്ങളില്‍ ഭരണം കൈയാളുന്ന പ്രസ്ഥാനമായി ബിജെപി മാറുമെന്നും അമിത് ഷാ പറഞ്ഞു.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കേരളം, ബംഗാള്‍, ഒറീസ, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ത്രിപുരയില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപികരിക്കും. മേഘാലയില്‍ നിന്നും കോണ്‍ഗ്രസിനെ പുറത്താക്കും. കര്‍ണാടകയില്‍ യെദൂരപ്പയുടെ നേതൃത്വത്തില്‍ ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ രൂപികരിക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.

എല്ലാ തെരഞ്ഞെടുപ്പും വെല്ലുവിളി നിറഞ്ഞതാണ്. മധ്യപ്രദേശിലും ചത്തീസ്ഗണ്ഡിലും ഭരണവിരുദ്ധ വികാരം ബിജെപിക്ക് എതിരാകുമെന്നാണ് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും ആരോപിക്കുന്നത്. എന്നാല്‍ മധ്യപ്രദേശില്‍ നാലാം തവണയും തങ്ങള്‍ അധികാരത്തില്‍ എത്തും. അഞ്ചാം തവണ വിജയിക്കുന്നതിന് മുന്‍പും ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മറക്കരുതെന്നും അമിത് ഷാ പറഞ്ഞു. 

ദളിതരുടെ സംരക്ഷകരെന്ന ലേബലില്‍ രംഗത്തെത്തിയിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. അംബേദ്ക്കറുടെ മരണശേഷവും വേണ്ടപോല അദ്ദേഹത്തെ ആദരിക്കാന്‍ തയ്യാറാകാതിരുന്നവരാണ് കോണ്‍ഗ്രസ്. അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് ഭാരതര്തന നല്‍കുവാന്‍ പോലും കോണ്‍ഗ്രസ് മുതിര്‍ന്നില്ല. രാജ്യത്തെ ദളിതര്‍ക്ക് എല്ലാം മനസ്സിലാവും. ജനാധിപത്യം പക്വതയാര്‍ജ്ജിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com