കോണ്‍ഗ്രസ് അല്ല സിപിഎം, ത്രിപുര തെരഞ്ഞെടുപ്പു കടുപ്പമേറിയതെന്ന് ബിജെപി വിലയിരുത്തല്‍

ഇരുപതു വര്‍ഷം ഭരിച്ചിട്ടും യാതൊരു അഴിമതി ആരോപണത്തിനും ഇടവരുത്തിയിട്ടില്ല എന്നതാണ് മണിക് സര്‍ക്കാര്‍ ഭരണത്തിന്റെ പ്ലസ് പോയിന്റ്
കോണ്‍ഗ്രസ് അല്ല സിപിഎം, ത്രിപുര തെരഞ്ഞെടുപ്പു കടുപ്പമേറിയതെന്ന് ബിജെപി വിലയിരുത്തല്‍

ന്യൂഡല്‍ഹി: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അങ്കം മുറുകിയതോടെ തന്ത്രങ്ങളും മറുതന്ത്രങ്ങളും മെനയുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ ക്ലീന്‍ ഇമേജില്‍ ഊന്നി സിപിഎം പ്രചാരണം മുന്നോട്ടുകൊണ്ടുപോവുമ്പോള്‍ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പരീക്ഷിച്ചു വിജയിച്ച 'കൂറുമാറ്റ' തന്ത്രം തന്നെയാണ് ബിജെപി പുറത്തെടുത്തിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് മുഖ്യ എതിരാളിയായിരുന്ന മറ്റു സംസ്ഥാനങ്ങളില്‍നിന്നു ഭിന്നമാണ് ഇവിടെ സാഹചര്യമെന്ന് ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഏറ്റവും കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന സംസ്ഥാനമാണ് ത്രിപുരയെന്നാണ് അവരുടെ വിലയിരുത്തല്‍.

മറ്റു പാര്‍ട്ടികളില്‍നിന്ന് നിയമസഭാംഗങ്ങളെയും നേതാക്കളെയും അടര്‍ത്തിയെടുക്കു, പ്രാദേശികമായ ചെറു കക്ഷികളുമായി കൂട്ടുചേരുക എന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി അമിത് ഷാ രൂപപ്പെടുത്തിയ തന്ത്രം. അസമിലും മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ബിജെപി ഇത് ഫലപ്രദമായി നടപ്പാക്കി. അസമില്‍ കോണ്‍ഗ്രസില്‍നിന്ന് ഹിമാന്ത ബിശ്വസര്‍മയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെയാണ് ബിജെപി സ്വന്തം പക്ഷത്ത് എത്തിച്ചത്. ഇതിനു പുറമേ ബോഡോ പീപ്പിള്‍സ് ഫ്രണ്ടുമായും അസം ഗണപരിഷത്തുമായും സഖ്യമുണ്ടാക്കാനും ബിജെപിക്കായി. 

്മണിപ്പൂരില്‍ കോണ്‍ഗ്രസില്‍നിന്നു കൂറുമാറി വന്ന നേതാക്കള്‍ മാത്രമാണ് ബിജെപിയുടെ മുന്‍നിരയിലുള്ളത്. ഭരണം പിടിക്കാന്‍  പ്രാദേശിക പാര്‍ട്ടികളായ എന്‍പിപിയുമായും എന്‍പിഎഫുമായും പാര്‍ട്ടി കൂട്ടുചേരുകയും ചെയ്തു. അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുകയായിരുന്നു. ഭരണം അതുപോലെ തുടര്‍ന്നെങ്കിലും ഒറ്റ രാത്രി കൊണ്ട് ഭരണകക്ഷി മാറുന്ന സാഹചര്യമാണ് അരുണാചലിലുണ്ടായത്.

സമാനമായ തന്ത്രംതന്നെയാണ് ത്രിപുരയിലും ബിജെപി പുറത്തെടുത്തിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആറു പേരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപിക്കായി. ഇവര്‍ ആദ്യം തൃണമൂലില്‍ ചേരുകയും തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുമ്പായി ബിജെപിയില്‍ എത്തുകയുമായിരുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ എവിടെയും ഇല്ലാതിരുന്ന ബിജെപി ഒറ്റ രാത്രികൊണ്ട് മുഖ്യ പ്രതിപക്ഷമാവുന്ന കാഴ്ചയ്ക്കാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. ഇതിനു പിന്നാലെ പ്രാദേശിക കക്ഷിയായ ഐപിഎഫ്ടിയുമായി ബിജെപി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഒന്‍പതു സീറ്റാണ് ഇവര്‍ക്കു നല്‍കിയിട്ടുള്ളത്.

മറ്റു സംസ്ഥാനങ്ങളില്‍ വിജയിച്ച അതേ തന്ത്രം തന്നെയെങ്കിലും ത്രിപുരയില്‍ അത് എത്രത്തോളം ഫലിക്കുമെന്നതില്‍ ബിജെപി നേതാക്കള്‍ തന്നെ സംശയം പ്രകടിപ്പിക്കുകയാണ്. കോണ്‍ഗ്രസിനെ നേരിട്ട പോലെ എളുപ്പമല്ല സിപിഎമ്മിനെ കീഴടക്കാന്‍ എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേടിരുന്ന ഏറ്റവും വലിയ വെല്ലുവിളിയാവും ത്രിപുരയിലേതെന്ന് അവര്‍ പറയുന്നു.

ഇരുപതു വര്‍ഷം ഭരിച്ചിട്ടും യാതൊരു അഴിമതി ആരോപണത്തിനും ഇടവരുത്തിയിട്ടില്ല എന്നതാണ് മണിക് സര്‍ക്കാര്‍ ഭരണത്തിന്റെ പ്ലസ് പോയിന്റ്. മുഖ്യമന്ത്രി എന്ന നിലയിലുള്ള വരുമാനം പോലും പാര്‍ട്ടിക്കു നല്‍കി ലളിത ജീവിതം നയിക്കുന്ന മണിക് സര്‍ക്കാരിന്റെ ഇമേജ് തന്നെയാണ് ഇവിടെ സിപിഎമ്മിന്റെ ഏറ്റവും വലിയ കൈമുതല്‍. ബിജെപിയെപ്പോലെ പ്രചാരണ കോലാഹലത്തിനു താനില്ല, ആ പണം ജലസേചന പദ്ധതികള്‍ക്കുപയോഗിക്കുന്നതാവും നല്ലത് എന്നിങ്ങനെയുള്ള മണിക് സര്‍ക്കാരിന്റെ പ്രസംഗങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് യോഗങ്ങളില്‍ ലഭിക്കുന്നത്. മണിക് സര്‍ക്കാരിന്റെ സ്വീകാര്യതയെ മോദി മാജിക് കൊണ്ട് എതിരിടാനാണ് ബിജെപി നീക്കം നടത്തുന്നത്. നിലവില്‍ രണ്ടു പ്രചാരണ റാലികളില്‍ മോദി എത്തുമെന്നാണ് ഉറപ്പായിട്ടുള്ളത്. കൂടുതല്‍ റാലികളില്‍ മോദിയെ എത്തിക്കാന്‍ ബിജെപി സംസ്ഥാന ഘടകം തീവ്രശ്രമം നടത്തുന്നുണ്ട്. കേന്ദ്ര മന്ത്രിമാരുടെ വന്‍ പടതന്നെ ത്രിപുരയില്‍ പ്രചാരണത്തിനെത്തുമെന്നാണ് സൂചനകള്‍.

ചെറിയ സംസ്ഥാനമാണെങ്കിലും അതീവ ഗൗരവത്തോടെയാണ് ബിജെപി ത്രിപുര തെരഞ്ഞെടുപ്പിനെ കാണുന്നത്. ഇടതുപക്ഷത്തെ നേരിട്ടു തോല്‍പ്പിക്കാനുള്ള അവസരമായാണ് അവര്‍ ഇതിനെ കാണുന്നത്. അതേസമയം ഇതു രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് ഇടതു നേതാക്കള്‍ പറയുന്നു. ബിജെപിയുടെ വാട്ടര്‍ലൂ ആവും ത്രിപുര തെരഞ്ഞെടുപ്പ് എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടുത്തിടെ വിശേഷിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com