ഫെയ്‌സ്ബുക്കിലെ 'കാമുകി' പുരുഷനെന്നറിഞ്ഞപ്പോള്‍ തകര്‍ന്ന് പൊലീസുകാരന്‍ ; കബളിപ്പിച്ചവന്റെ ജീവനെടുത്ത് പ്രതികാരം

വ്യാജ അക്കൗണ്ടിന്റെ ഉടമയെ തേടി കണ്ടുപിടിച്ച് വെടിവെച്ചുകൊന്നാണ് ഇയാള്‍ പ്രതികാരം വീട്ടിയത്.
ഫെയ്‌സ്ബുക്കിലെ 'കാമുകി' പുരുഷനെന്നറിഞ്ഞപ്പോള്‍ തകര്‍ന്ന് പൊലീസുകാരന്‍ ; കബളിപ്പിച്ചവന്റെ ജീവനെടുത്ത് പ്രതികാരം


ചെന്നൈ : ഫെയ്‌സ്ബുക്കില്‍ സ്തീയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പ്രണയം നടിച്ച് പൊലീസുകാരനെ കബളിപ്പിച്ച യുവാവിന് ദാരുണാന്ത്യം. താന്‍ ദിവസവും ചാറ്റുചെയ്തുകൊണ്ടിരുന്ന ഫെയ്‌സ്ബുക്ക് കാമുകി പുരുഷനാണെന്ന് അറിഞ്ഞപ്പോള്‍ കാമുകന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വ്യാജ അക്കൗണ്ടിന്റെ ഉടമയെ തേടി കണ്ടുപിടിച്ച് വെടിവെച്ചുകൊന്നാണ് ഇയാള്‍ പ്രതികാരം വീട്ടിയത്. തമിഴ്‌നാട്ടിലെ വിരുതുനഗറിലാണ് സംഭവം.  

ചെന്നൈ സ്വദേശി കണ്ണന്‍ കുമാര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് സ്ത്രീയായി നടിച്ച് തന്നെ വഞ്ചിച്ച യുവാവിനെ വെടിവച്ച് കൊന്നത്. അയ്യനാര്‍ എന്ന അധ്യാപക വിദ്യാര്‍ഥിയാണ് കണ്ണനെ കബളിപ്പിച്ചത്. സ്ത്രീയുടെ പേരില്‍ അയ്യനാര്‍ പ്രൊഫൈല്‍ നിര്‍മിക്കുകയും കണ്ണനുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു. പണം തട്ടിയെടുക്കുകയായിരുന്നു അയ്യനാരുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. 

കാമുകിയെ നേരിട്ടുകാണുക എന്ന ലക്ഷ്യത്തോടെ കണ്ണന്‍ പൊങ്കല്‍ ആഘോഷത്തിന് പത്തുദിവസത്തെ അവധിയെടുത്ത് കാമുകിയുടെ നാടായ വത്തിരായിരുപ്പില്‍ എത്തി. എന്നാല്‍ അയ്യനാര്‍ കണ്ണനെ നേരിട്ടു കാണാന്‍ വിസമ്മതിച്ചു. ഇതോടെ സംശയം തോന്നിയ കണ്ണന്‍ അന്വേഷണം നടത്തിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയത്. 

വിഷാദരോഗത്തിന് അടിമപ്പെട്ട കണ്ണന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ആശുപത്രിയില്‍ കാണാനെത്തിയ സുഹൃത്തുക്കളോട് കണ്ണന്‍ സംഭവം വിവരിച്ചു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം തന്നെ വഞ്ചിച്ച അയ്യനാര്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. അയ്യനാരെ കണ്ണനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊല്ലുകയായിരുന്നെന്ന് വിരുതുനഗര്‍ പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മുഖ്യപ്രതിയായ കണ്ണന്‍ ഒളിവില്‍ പോയി. അതേസമയം കൂട്ടുപ്രതികളായ വിജയകുമാര്‍, തമിളരസന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com