യെച്ചൂരിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി ; ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തെ കോണ്‍ഗ്രസ് പിന്തുണക്കില്ല

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് വൈകീട്ട് ചേരാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം
യെച്ചൂരിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി ; ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തെ കോണ്‍ഗ്രസ് പിന്തുണക്കില്ല

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളെ പിന്തുണക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് വൈകീട്ട് ചേരാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 

സിപിഎമ്മാണ് ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ നീക്കം നടത്തുന്നത്. എന്നാല്‍ ഇംപീച്ച്‌മെന്റിനെ പിന്തുണക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ പൊതു അഭിപ്രായം. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് നേതാക്കളുടെയും എംപിമാരുടെയും യോഗം രാഹുല്‍ഗാന്ധി വിളിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉടന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും. 

കോണ്‍ഗ്രസിന് പിന്നാലെ, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി എന്നിവയും ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രതിപക്ഷത്തിന്റെ ഐക്യം ലക്ഷ്യമിട്ട് എന്‍സിപി നേതാവ് ശരദ്പവാറാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുള്ളത്. ഈ യോഗത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നാണ് സൂചന. 

ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി നാലു ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലായിരുന്നു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധം അറിയിച്ചത്. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. 

ജഡ്ജിമാര്‍ ഉന്നയിച്ച ചില ചോദ്യങ്ങല്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടപെടേണ്ടത് ലെജിസ്ലേച്ചറിന്റെ ഉത്തരവാദിത്തമാണ്. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം, ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള സാധ്യത ആരായുകയാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com