ബിജെപി കോര്‍പ്പറേറ്റുകളുടെ തോഴന്‍; കഴിഞ്ഞ വര്‍ഷം സംഭാവനയായി ലഭിച്ചത് 290 കോടി 

രാജ്യത്ത്  കോര്‍പ്പറേറ്റുകളുടെ സംഭാവന ഏറ്റവുമധികം ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്ന് റിപ്പോര്‍ട്ട്.
ബിജെപി കോര്‍പ്പറേറ്റുകളുടെ തോഴന്‍; കഴിഞ്ഞ വര്‍ഷം സംഭാവനയായി ലഭിച്ചത് 290 കോടി 

ന്യൂഡല്‍ഹി: രാജ്യത്ത്  കോര്‍പ്പറേറ്റുകളുടെ സംഭാവന ഏറ്റവുമധികം ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്ന് റിപ്പോര്‍ട്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 290 കോടി രൂപ ബിജെപിക്ക് ലഭിച്ചതായി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോമ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനകളുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇലക്ട്രല്‍ ട്രസ്റ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സംഭാവന കണക്കുകളുടെ വിശദാംശങ്ങളാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോമ്‌സ് പുറത്തുവിട്ടിരിക്കുന്നത്.

ആദായനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 325.45 കോടി രൂപയാണ് കോര്‍പ്പറേറ്റുകളുടെ സംഭാവനയായി ലഭിച്ചത്. തൊട്ടുമുന്‍പത്തെ സാമ്പത്തികവര്‍ഷത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒന്നാകെ 49.50 കോടി രൂപ മാത്രം ലഭിച്ച സ്ഥാനത്താണ് ഈ കുത്തനേയുളള വര്‍ധന. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച 325.45 കോടിയില്‍  325.27 കോടി രൂപയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്തു. 89 ശതമാനം വിഹിതവും നേടിയ ബിജെപിയാണ് ഒന്നാം സ്ഥാനത്ത്. 290 കോടി രൂപയാണ് ബിജെപിക്ക് ഇക്കാലയളവില്‍ ലഭിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റ് ഒന്‍പതു പാര്‍ട്ടികള്‍ക്ക് മൊത്തമായി ലഭിച്ചത് കേവലം 35 കോടി രൂപ മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

ആദായനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രല്‍ ട്രസ്റ്റുകളില്‍ 14 എണ്ണം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കുകള്‍ നല്‍കിയത്. ഇതില്‍ ആറ് ട്രസ്റ്റുകള്‍ക്ക് മാത്രമാണ് കോര്‍പ്പറേറ്റുകളുടെ സംഭാവന ലഭിച്ചത്. പ്രുഡന്റ് ഇലക്ട്രല്‍ ട്രസ്റ്റിനാണ് ഏറ്റവുമധികം തുക ലഭിച്ചത്. 283.73 കോടി രൂപ. ഇത് മൊത്തം ട്രസ്റ്റുകള്‍ക്ക് ലഭിച്ചതിന്റെ 87 ശതമാനം വരും. ഇതില്‍ 88 ശതമാനവും ബിജെപിക്ക് ലഭിച്ച സംഭാവനയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് 252 കോടി രൂപ. അതേസമയം മറ്റൊരു ഇലക്ട്രല്‍ ട്രസ്റ്റായ ജനത നിര്‍വചക് ഇലക്ട്രല്‍ ട്രസ്റ്റിന് ലഭിച്ച മുഴുന്‍ സംഭാവനയുംബിജെപിക്കുളളതായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോര്‍പ്പറേറ്റ് കമ്പനികളില്‍ ഏറ്റവുമധികം സംഭാവന നല്‍കിയത് ഡിഎല്‍എഫാണ്. 28 കോടി രൂപയാണ് ഇവരുടെ സംഭാവന. യുപിഎല്‍ ലിമിറ്റഡ്, ജിഎസ്ഡബ്ലൂ എനര്‍ജി ലിമിറ്റഡ് എന്നിവയാണ് തൊട്ടുപിന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com