'സ്വാതന്ത്ര്യം കിട്ടി, ഇനി ഇന്ത്യയില്‍ ദേശീയത വേണ്ട'; ബിജെപി പ്രചരിപ്പിക്കുന്ന ദേശീയ അജണ്ടയെ രൂക്ഷമായി വിമര്‍ശിച്ച് നയന്‍താര സെഹ്ഗല്‍

ബിജെപിയുടെ ദേശീയതയെക്കുറിച്ചുള്ള അജണ്ട വെറും അസംബന്ധമാണെന്ന് അവര്‍ വ്യക്തമാക്കി
'സ്വാതന്ത്ര്യം കിട്ടി, ഇനി ഇന്ത്യയില്‍ ദേശീയത വേണ്ട'; ബിജെപി പ്രചരിപ്പിക്കുന്ന ദേശീയ അജണ്ടയെ രൂക്ഷമായി വിമര്‍ശിച്ച് നയന്‍താര സെഹ്ഗല്‍

സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പൂര്‍ത്തിയായശേഷം ഇന്ത്യയെ ആരും ദേശീയത പഠിപ്പിക്കേണ്ടതില്ലെന്ന് പ്രമുഖ എഴുത്തുകാരിയും നെഹ്‌റു- ഗാന്ധി കുടുംബത്തിലെ അംഗവുമായ നയന്‍താര സെഹ്ഗല്‍. ബിജെപി പുറത്തുവിടുന്ന ദേശീയ ചിന്തയെ വിമര്‍ശിച്ചുകൊണ്ടാണ് സെഹ്ഗള്‍ ഇത് പറഞ്ഞത്. ബിജെപിയുടെ ദേശീയതയെക്കുറിച്ചുള്ള അജണ്ട വെറും അസംബന്ധമാണെന്ന് അവര്‍ വ്യക്തമാക്കി. 

'നമുക്ക് ഇനി ദേശീയത ആവശ്യമില്ല. ബിജെപി പ്രചരിപ്പിക്കുന്ന ദേശീയതയുടെ ആശയം ശുദ്ധഅസംബന്ധമാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്ര്യരായി ഒരു രാജ്യമായി മാറാനുള്ള പോരാട്ടത്തിലായിരുന്നു നമുക്ക് ദേശീയത വേണ്ടിയിരുന്നത്. അതുകൊണ്ട് നമുക്ക് ഇനി ദേശീയത വേണ്ട. ഇതെല്ലാം വെറും മണ്ടത്തരങ്ങളാണ്'- സെഹ്ഗാള്‍ പറഞ്ഞു. അപീജയ് കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടന്ന അഭിമുഖത്തിലാണ് ബിജെപിയുടെ ദേശീയതയ്‌ക്കെതിരേ തുറന്നടിച്ചത്. 

ജനാധിപത്യമില്ലാത്ത ഇരുണ്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കലയും കലാകാരന്‍മാരും തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തെപ്പോലും മാറ്റി എഴുതുന്നുണ്ടെന്നും സെഹ്ഗല്‍ പറഞ്ഞു. ഇത് പോലെ മുന്നോട്ടുപോയാല്‍ ഹിന്ദു സേന രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിച്ച് മറ്റുള്ള മതസ്ഥരെ പുറത്തുള്ളവരായും മുസ്ലീങ്ങളെ ശത്രുക്കളായും കാണുമെന്ന ഭയവും എഴുത്തുകാരിക്കുണ്ട്. അടുത്തിടെ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനം രാജ്യത്തില്‍ മാറ്റങ്ങളുണ്ടാകുന്നതിന്റെ സൂചനയായാണ് കാണുന്നതെന്നും സെഹ്ഗല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com