മെഡിക്കല്‍ കോഴ കേസ്; ശുക്ലയെ മാറ്റി നിര്‍ത്താന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിര്‍ദേശം

മെഡിക്കല്‍ കോഴ ആരോപണത്തില്‍ അന്വേഷണം നടത്തിയ സമിതി ശുക്ലയോട് രാജി വയ്ക്കുകയോ, വിരമിക്കുകയോ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു
മെഡിക്കല്‍ കോഴ കേസ്; ശുക്ലയെ മാറ്റി നിര്‍ത്താന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ കേസില്‍ ആരോപണ വിധേയനായ ജഡ്ജിയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിര്‍ദേശം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടാണ് ആരോപണ വിധേയനായ ജഡ്ജി എസ്.എന്‍.ശുക്ലയെ മാറ്റി നിര്‍ത്താന്‍ സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരിക്കുന്നത്. 

മെഡിക്കല്‍ കോഴ ആരോപണത്തില്‍ അന്വേഷണം നടത്തിയ സമിതി ശുക്ലയോട് രാജി വയ്ക്കുകയോ, വിരമിക്കുകയോ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു എങ്കിലും അതുണ്ടാവാത്തതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിര്‍ദേശം. ശുക്ലയെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റിന് ചീഫ് ജസ്റ്റിസ് കത്തും നല്‍കിയിട്ടുണ്ട്. 

ശുക്ലയ്‌ക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സിമിതിയെ ആണ് നിയോഗിച്ചിരുന്നത്. ഒരു ജഡ്ജിക്ക് ചേരാത്ത തരത്തിലുള്ള പെരുമാറ്റങ്ങളാണ് ശുക്ലയുടെ ഭാഗത്ത് നിന്നുമുണ്ടായെതെന്നടക്കമുള്ള പരാമര്‍ശങ്ങള്‍ സമിതി റിപ്പോര്‍ട്ടിലുണ്ട്. 

സിബിഐ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും ശുക്ലയുടെ പേര് ഉള്‍പ്പെട്ടിരുന്നു. ശുക്ലയെ ജഡ്ജി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ അദ്ദേഹത്തിനെതിരെ ഇനി സിബിഐയ്ക്ക് കേസെടുക്കാം. 

സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട ഉത്തരവ് ശുക്ല തിരുത്തിയെന്നാണ് ആരോപണം. സ്വകാര്യ കോളെജുകളില്‍ 2017-18 വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന രീതിയില്‍ തിരുത്തല്‍ വരുത്തിയെന്നാണ് പറയപ്പെടുന്നത്. മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ ഇടപെടുന്നതില്‍ നിന്നും ഹൈക്കോടതിയെ സുപ്രീംകോടതി വിലക്കിയ സമയത്തായിരുന്നു ശുക്ലയുടെ ഉത്തരവ് തിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com