സൂപ്പര്‍ മൂണ്‍ അധികാരം പിടിക്കാനുളള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമോ? കര്‍ണാടകയില്‍ രാഷ്ട്രീയക്കാര്‍ പൂജകളുമായി നെട്ടോട്ടത്തില്‍

മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡ അടക്കം ഒരുപറ്റം രാഷ്ട്രീയ പ്രവര്‍ത്തകരാണ് പൂജയും വഴിപാടുമായി ഈ അപൂര്‍വ്വ പ്രതിഭാസം നടക്കുന്ന സമയം ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്
സൂപ്പര്‍ മൂണ്‍ അധികാരം പിടിക്കാനുളള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമോ? കര്‍ണാടകയില്‍ രാഷ്ട്രീയക്കാര്‍ പൂജകളുമായി നെട്ടോട്ടത്തില്‍

ബംഗ്ലൂരു: സൂപ്പര്‍ മൂണും പൂര്‍ണ ചന്ദ്രഗ്രഹണവും ഒരുമിക്കുന്ന അപൂര്‍വതയ്ക്കായി ഇന്ന് ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കര്‍ണാടകയില്‍ കാര്യങ്ങള്‍ മറിച്ചാണ്. ലോകം മുഴുവന്‍ കൗതുകത്തോടെ ഈ പ്രതിഭാസത്തെ വീക്ഷിക്കുമ്പോള്‍ കര്‍ണാടകയിലെ രാഷ്ട്രീയക്കാര്‍ക്ക് നെഞ്ചിടിപ്പാണ്. ഈ അപൂര്‍വ പ്രതിഭാസത്തെ ദുശ്ശകുനമായിട്ടാണ് കര്‍ണാടകയിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ നോക്കികാണുന്നത്. തങ്ങളുടെ രാഷ്ട്രീയ ഭാവിയെ ഇത് ബാധിക്കുമോയെന്ന ഭയത്തില്‍ പൂജയും വഴിപാടും നടത്തുന്നതിനുളള തിരക്കിട്ട ഓട്ടത്തിലാണ് ഇവര്‍.

മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡ അടക്കം ഒരുപറ്റം രാഷ്ട്രീയ പ്രവര്‍ത്തകരാണ് പൂജയും വഴിപാടുമായി ഈ അപൂര്‍വ്വ പ്രതിഭാസം നടക്കുന്ന സമയം ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ദേവഗൗഡയുടെ വീട്ടില്‍ സത്യനാരായണ പൂജയ്ക്കുളള ഒരുക്കങ്ങള്‍ നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് പതിവായി നടത്തുന്നതാണ് എന്ന ഒഴുക്കന്‍ മട്ടിലുളള മറുപടി നല്‍കി ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് സോഷ്യലിസ്റ്റ് നേതാവ് ശ്രമിച്ചത്. ദേവഗൗഡയ്ക്ക് പുറമേ മകനും മുന്‍ മന്ത്രിയുമായ എച്ച് ഡി രേവണയുടെ കാര്യവും വ്യത്യസ്തമല്ല. അയല്‍പക്ക സംസ്ഥാനമായ തമിഴ്‌നാട്ടിലാണ്  പ്രത്യേക പൂജകള്‍ക്ക് രേവണ ഏര്‍പ്പാടു ചെയ്തിരിക്കുന്നത്.


മുഖ്യമന്ത്രി സിദ്ധരാമയ്യ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിച്ചതായി ഇതുവരെയും ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വിശ്വാസിയായ ഭാര്യ പാര്‍വതി സിദ്ധരാമയ്യ ഭര്‍ത്താവിന്റെ രാഷ്ട്രീയ ഭാവിക്കായി പ്രത്യേക പൂജകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി എസ് യെദൂരപ്പ പ്രത്യേക പൂജകള്‍ നടത്തുന്നതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യെദൂരപ്പയുടെ കുടുംബം ഇത് നിഷേധിച്ചു.

 കുക്കു സുബ്രഹ്മണ്യ ക്ഷേത്രം ഉള്‍പ്പെടെ കര്‍ണാടകയിലെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം ചന്ദ്രഗ്രഹണം കണക്കിലെടുത്ത് അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രഹണം കഴിഞ്ഞ് ക്ഷേത്രദര്‍ശനത്തിന് രാഷ്ട്രീയക്കാര്‍ എത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അവകാശപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com