കര്‍ഷക പ്രക്ഷോഭങ്ങള്‍ കണ്ണ് തുറപ്പിച്ചു; നെല്ലുള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങുവില കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രം

രാജ്യമെമ്പാടും കര്‍ഷക സമരങ്ങള്‍ കൊടുമ്പിരികൊണ്ടുനില്‍ക്കേ നെല്ലുള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
കര്‍ഷക പ്രക്ഷോഭങ്ങള്‍ കണ്ണ് തുറപ്പിച്ചു; നെല്ലുള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങുവില കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യമെമ്പാടും കര്‍ഷക സമരങ്ങള്‍ കൊടുമ്പിരികൊണ്ടുനില്‍ക്കേ നെല്ലുള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നെല്ലിന് താങ്ങുവില ക്വിന്റലിന് 200 രൂപയായി വര്‍ധിപ്പു. നെല്ലിന് പുറമെ എല്ലാത്തരം ഖാരിഫ് വിളകള്‍ക്കും താങ്ങുവില വര്‍ധിപ്പിക്കും. പരുത്തി, പയര്‍ വര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകള്‍ക്കാണ് താങ്ങുവില വര്‍ധിപ്പിച്ചിരിക്കുന്നത്.  കാര്‍ഷികോത്പന്നങ്ങള്‍ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താങ്ങുവിലയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

നെല്ലടക്കമുള്ള വിളകളുടെ താങ്ങുവില ഉത്പാദന ചിലവിനേക്കാള്‍ 50 ശതമാനം വരെ കൂട്ടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്.  കര്‍ഷകര്‍ക്ക് അവരുടെ ഉത്പാദന ചിലവിനേക്കാള്‍ 50 ശതമാനം അധികം നല്‍കുമെന്ന് മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള തട്ടിപ്പ് മാത്രമാണിതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

കാര്‍ഷികമേഖലയിലെ വിലയിടിവ് കേന്ദ്രസര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് താങ്ങുവിലയില്‍ വന്‍ വര്‍ധനവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ബിജെപി ഭരിക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കനത്ത കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. കഴിഞ്ഞ ആഴ്ച വിവിധ സംസ്ഥാനങ്ങളിലെ കരിമ്പുകര്‍ഷകരെ കണ്ട പ്രധാനമന്ത്രി വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. താങ്ങുവില വര്‍ധിപ്പിച്ച തീരുമാനം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആദ്യമായാണ് ഒരുസര്‍ക്കാര്‍ ഖാരിഫ് വിളകള്‍ക്ക് ഇത്രയും വലിയ താങ്ങുവില നല്‍കുന്നതെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അവകാശപ്പെട്ടു. 

നെല്ലിന്റെ താങ്ങുവിലയില്‍ 11 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ക്വിന്റലിന് 200 രൂപ അധികമായി കര്‍ഷകര്‍ക്ക് ലഭിക്കും. നിലവില്‍ 1550 രൂപയാണ് നെല്ലിന്റെ താങ്ങുവില. പരുത്തിയുടെ താങ്ങുവില ക്വിന്റലിന് 4020 രൂപയില്‍ നിന്ന് 5150 രൂപയായി വര്‍ധിപ്പിച്ചു. പയറുവര്‍ഗങ്ങളില്‍ തുവര പരിപ്പിന് താങ്ങുവില ക്വിന്റലിന് 5450 രൂപയില്‍ നിന്ന് 5675 രൂപയാക്കി. ചെറുപയറിന് 5575ല്‍ നിന്ന് 6975 രൂപയാക്കി. ഉഴുന്നിന് താങ്ങുവില 5400 ല്‍ നിന്ന് 5600 ആക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com