കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ പ്രവര്‍ത്തകരെ തീപിടിപ്പിക്കാന്‍ സൈബര്‍ വാരിയേഴ്‌സുമായി അമിത് ഷാ

കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള പ്രവര്‍ത്തകരെ തീപിടിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തിയാല്‍ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും അമിത് ഷാ
കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ പ്രവര്‍ത്തകരെ തീപിടിപ്പിക്കാന്‍ സൈബര്‍ വാരിയേഴ്‌സുമായി അമിത് ഷാ


വാരാണസി: 2019 ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുന്നതിനായി സമൂഹമാധ്യമങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള മണ്ഡലങ്ങളിലെ വിജയം ഉറപ്പാക്കണമെന്നും സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ സൈബര്‍ വാരിയേഴ്‌സ് എന്ന് അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു. വാരാണസിയിലെ സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  എതിരാളികളെ പരാജയപ്പെടുത്താനും പാര്‍ട്ടിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഉയരുന്ന കള്ളപ്രചരണങ്ങളെ ചെറുക്കാനും സൈബര്‍ വാരിയേഴ്‌സിന് കഴിയണം. തെരഞ്ഞടുപ്പിന് മുന്‍പായി ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ വികാരം അറിയുന്നതിനായാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത്ഷാ എത്തിയത്. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള പ്രവര്‍ത്തകരെ തീപിടിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തിയാല്‍ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു

രാജ്യത്ത് എല്ലായിടത്തും മോദിയെ കേള്‍ക്കാനും കാണാനുമാണ് ആയിരങ്ങള്‍ എത്തുന്നത്. കേരളം മുതല്‍ കന്യാകുമാരി വരെ എല്ലായിടത്തും മോദിയെ സ്‌നേഹിക്കുന്നവരും അംഗീകരിക്കുകയും ചെയ്യുന്നവരാണ്. ആഗോളതലത്തില്‍  ഇന്ത്യയെ വാനോളം ഉയര്‍ത്താനും പ്രധാനമന്ത്രി മോദിക്കായി. മോദിക്ക് ബദലായി ഉയര്‍ത്താന്‍ രാജ്യത്ത് ഒരു നേതാവ് പോലുമില്ലാത്ത  സ്ഥിതിയാണ്. ഉത്തര്‍പ്രദേശില്‍ വന്ന് മുന്‍പ്രധാനമന്ത്രി ദേവഗൗഡയും ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും വന്നാല്‍ കേള്‍ക്കാന്‍ ആര് ഉണ്ടാകുമെന്നും അമിത് ഷാ പരിഹസിച്ചു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് പിന്നാലെ സംസ്ഥാനത്ത് ക്രിമിനലുകളെ ഇല്ലാതാക്കാനും സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും അമിത് ഷാ പറഞ്ഞു. അടുത്ത തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് 74 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബിജെപി എന്‍ഡിഎ സഖ്യം നേടിയത് 73 സീറ്റുകളാണ്. ഇക്കുറി അത് 74 സീറ്റുകള്‍ ആക്കണമെന്നും അമിത് ഷാ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ. ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ, ബിജെപി ദേശീയ സെക്രട്ടറി ഭുപേന്ദ്രനാഥ്, സംസ്ഥാന പ്രസിഡന്റ് മഹേന്ദ്രനാഥ് പാണ്ഡെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നാളെ സംസ്ഥാനത്തെ വിവിധ പൊതുയോഗങ്ങളിലും അമിത് ഷാ സംബന്ധിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com