ദിവ്യഭാരതിയ്‌ക്കെതിരെ വേട്ടയാടല്‍ തുടരുന്നു; വീട്ടിലും ഓഫീസിലും പൊലീസ് കയറിയിറങ്ങുകയാണെന്ന് ആരോപണം

'ഒരുത്തരും വരേല'യുടെ ട്രെയിലര്‍ പുറത്തുവന്നതിനുപിന്നാലെ പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് സംവിധായക ദിവ്യ ഭാരതി
ദിവ്യഭാരതിയ്‌ക്കെതിരെ വേട്ടയാടല്‍ തുടരുന്നു; വീട്ടിലും ഓഫീസിലും പൊലീസ് കയറിയിറങ്ങുകയാണെന്ന് ആരോപണം

മധുര: 'കക്കൂസ്'എന്ന തമിഴ് ഡോക്യൂമെന്ററി എടുത്ത് വലിയ ശ്രദ്ധ നേടിയ ദിവ്യഭാരതിയ്ക്ക് പുതിയ ഡോക്യൂമെന്ററിയുടെ പേരിലും ഭീഷണി.
പുതിയ ഡോക്യുമെന്ററി 'ഒരുത്തരും വരേല'യുടെ ട്രെയിലര്‍ പുറത്തുവന്നതിനുപിന്നാലെ പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് സംവിധായക ദിവ്യ ഭാരതി ആരോപിച്ചു. ജാതി വിവേചനത്തെ ചോദ്യം ചെയ്യുന്ന കക്കൂസിലെ പ്രമേയത്തിന്റെ പേരില്‍ ദിവ്യഭാരതിയെ കേസുകളില്‍ കുടുക്കി വേട്ടയാടുന്നു എന്ന് ആരോപിച്ച് വിവിധ കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പുതിയ ഡോക്യൂമെന്ററിയുടെ പേരിലും തന്റെ വീട്ടിലും മധുരയിലെ ഓഫിസിലും അനാവശ്യമായി പൊലീസ് കയറി ഇറങ്ങുകയാണെന്നും തനിക്ക് ഭീഷണികള്‍ ലഭിക്കെുന്നുണ്ടന്നും സാമൂഹ്യപ്രവര്‍ത്തക, അഭിഭാഷക എന്നി നിലകളിലും അറിയപ്പെടുന്ന ദിവ്യ ഭാരതി ആരോപിച്ചു. അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യം 
തേടിയിരിക്കുകയാണ് ഇപ്പോള്‍ അഭിഭാഷക.

ചൊവ്വാഴ്ച രാവിലെ താന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് 15 ഓളം പൊലീസുകാര്‍ വീട്ടിലെത്തുകയും തന്റെ പൂര്‍വകാല ചരിത്രം അച്ഛനോട് ആരാഞ്ഞതായും ദിവ്യഭാരതി ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു. കൂട്ടത്തില്‍ ഉണ്ടായിരുന്ന 13 വനിതാ പൊലീസുകാരും യൂണിഫോമില്‍ ആയിരുന്നില്ല. സംഭവം അറിഞ്ഞ് അഭിഭാഷകന്‍ രാജേന്ദ്രന്‍ എന്റെ വീട്ടിലെത്തി. അദ്ദേഹം ചോദിച്ചപ്പോള്‍ പൊലീസ് പറഞ്ഞത് എന്റെ ഡോക്യുമെന്ററിയെ കുറിച്ച് അന്വേഷിക്കാനെന്നാണ്. വീടു മുഴുവന്‍ അരിച്ചു പെറുക്കിയ ശേഷമാണ് അവര്‍ തിരിച്ചു പോയത്, ദിവ്യ ഫെയ്‌സ്ബുക്കില്‍ എഴുതി.

ഓഖി ചുഴലിക്കാറ്റിനെ ആസ്പദമാക്കിയുളള ദിവ്യയുടെ ഡോക്യുമെന്ററി 'ഒരുത്തരും വരേല'യുടെ ട്രെയിലര്‍ ജൂണ്‍ 28 നാണ് പുറത്തിറങ്ങിയത്. ഡോക്യുമെന്ററിയില്‍ ഒരുപാട് ചോദ്യങ്ങള്‍ ദിവ്യ ഉയര്‍ത്തുന്നുണ്ട്.

മധുര ജില്ലാ കോടതിയ്ക്ക് പുറത്ത് തന്റെ വാഹനം ഒരു സംഘം ആളുകള്‍ തടഞ്ഞു. അവരുടെ കൂടെ പോകാന്‍ നിര്‍ബന്ധിച്ചതായും ദിവ്യഭാരതി ആരോപിച്ചു.നിങ്ങള്‍ ആരാണെന്ന് നിരന്തരം ചോദിച്ചെങ്കിലും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. അവരുടെ ഐഡി കാര്‍ഡില്‍ നിന്നും സംഘം സേലത്ത് നിന്നുളളവരാണെന്ന് ബോധ്യപ്പെട്ടു. അപ്പോഴും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. മധുര പൊലീസ് വരാതെ എന്തിന് സേലം പൊലീസ് അന്വേഷിച്ചു വന്നുവെന്നും ദിവ്യ ഭാരതി സംശയത്തോടെ ചോദിക്കുന്നു.

ദിവ്യയെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സേലത്തെ ചെന്നൈയുമായി ബന്ധിപ്പിച്ചുകൊണ്ടുളള നിര്‍ദിഷ്ട എക്‌സപ്രസ് വേയെയും സേലം വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളെയും ചോദ്യം ചെയ്ത പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്  സേലം പൊലീസ് ദിവ്യയെ അന്വേഷിച്ച് വന്നതെന്നും സൂചനയുണ്ട്.അടുത്തിടെ,തൂത്തൂക്കുടിയില്‍ നടന്ന പൊലീസ് വെടിവെയ്പിനെതിരെ ദിവ്യ ഭാരതി പ്രതികരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com