ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ആശ്വാസം; വിജയ് മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ലണ്ടന്‍ കോടതിയുടെ അനുമതി

കോടികളുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ബ്രിട്ടണ്‍ ഹൈക്കോടതിയുടെ അനുമതി.
ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ആശ്വാസം; വിജയ് മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ലണ്ടന്‍ കോടതിയുടെ അനുമതി

ലണ്ടന്‍: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ബ്രിട്ടണ്‍ ഹൈക്കോടതിയുടെ അനുമതി. വായ്പ തുക തിരിച്ചുപിടിക്കാന്‍ പോരാടുന്ന 13 ഇന്ത്യന്‍ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് ആശ്വാസം പകരുന്നതാണ് വിധി.  ഇതിന് പുറമേ മല്യയുടെ പേരില്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ആസ്തികളില്‍ പ്രവേശിക്കാന്‍ യുകെ ഹൈക്കോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക്  കോടതി അനുമതി നല്‍കി.

13 ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പ എടുത്ത് വിജയ് മല്യ മുങ്ങിയെന്നാണ് കേസ്. വിജയ് മല്യയെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുന്നതിനുളള നിയമപോരാട്ടം ബ്രിട്ടണ്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

മല്യയുടെ ബ്രിട്ടണിലുളള ആസ്തികളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ കോടതി ഉത്തരവ് ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മല്യയുടെ കെട്ടിടസമുച്ചയങ്ങളില്‍ പ്രവേശിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് തെരച്ചില്‍ നടത്താനും ആസ്തികളുടെ നിയന്ത്രണം ഏറ്റെടുക്കാനും ഉത്തരവില്‍ അനുമതി നല്‍കുന്നു.വായ്പ തുക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് ഇത് വഴിതുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

വിജയ്മല്യയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട ഇന്ത്യന്‍ കോടതിയുടെ വിധി നിലനില്‍ക്കുന്നുണ്ട്. ഇത് നടപ്പിലാക്കാന്‍ ബ്രീട്ടിഷ് കോടതിയുടെ അനുകൂല വിധി സഹായകമാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com