ഐശ്വര്യാ റായിയുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പായി; ആര്‍ജെഡിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത സീറ്റായ ബിഹാറിലെ ശരണില്‍ നിന്ന് ഐശ്വര്യ മത്സരിച്ചേക്കുമെന്നാണ് സൂചന
ഐശ്വര്യാ റായിയുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പായി; ആര്‍ജെഡിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും


പാട്ന: ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മരുമകള്‍ ഐശ്വര്യാ റായി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. മാസങ്ങൾക്ക് മുൻപാണ് ലാലുവിന്റെ  മൂത്തമകന്‍ തേജ്പ്രതാപ് യാദവ ഐശ്വര്യയെ വിവാഹം കഴിച്ചത്

ആര്‍.ജെ.ഡിയുടെ സ്ഥാപക ദിനാഘോഷത്തിന് ഒരു ദിവസം മുന്‍പു തന്നെ ലാലുവിന്റെ ഭാര്യ റാബ്റി ദേവിക്കൊപ്പം പാര്‍ട്ടിയുടെ പോസ്റ്ററുകളിലും ബാനറുകളിലും ഐശ്വര്യ ഇടം പിടിച്ചിട്ടുണ്ട്.

''ഐശ്വര്യ വിദ്യാഭ്യാസമുള്ളവളാണ് കൂടാതെ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗവും. അവരുടെ അച്ഛന്‍ ചന്ദ്രിക റായ് മുന്‍ മന്ത്രിയും ആര്‍.ജെ.ഡി നേതാവുമായിരുന്നു. മുത്തച്ഛന്‍ ദരോഗ റായ് എഴുപതുകളില്‍ ഇവിടത്തെ മുഖ്യമന്ത്രിയായിരുന്നു. അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രവേശനത്തിന് അനുയോജ്യയാണ് അവര്‍- ആര്‍.ജെ.ഡി വക്താവ് ശക്തി യാദവ് പറഞ്ഞു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത സീറ്റായ ബിഹാറിലെ ശരണില്‍ നിന്ന് ഐശ്വര്യ മത്സരിച്ചേക്കുമെന്നാണ് സൂചന. രണ്ടു പതിറ്റാണ്ടിലേറെ ഐശ്വര്യയുടെ അച്ഛന്‍ ഈ മണ്ഡലത്തെ പ്രതിനീധീകരിച്ചിരുന്നു.ലാലുവിന്റെ ഭാര്യ റാബ്റി ദേവി രാഷ്ട്രീയത്തിലെത്തിയിട്ട് രണ്ടു പതിറ്റാണ്ടായി. മുന്‍ മുഖ്യമന്ത്രി കൂടിയായ റാബ്റി ദേവി ഇപ്പോള്‍ നിയമസഭാംഗമാണ്. ഇവരുടെ സഹോദരങ്ങളായ സാധു, സുഭാഷ് യാദവ് എന്നിവരും പിന്നീട് രാഷ്ട്രീയത്തില്‍ ചേര്‍ന്നിരുന്നു. 

ലാലുവിന്റെ മക്കളായ മിസ ഭാരതി, തേജ് പ്രതാപ് യാദവ്, തേജസ്വി യാദവ് എന്നിവരും 2014-2015 വര്‍ഷങ്ങളിലായി രാഷ്ട്രീയപ്രവേശനം നടത്തിയവരാണ്. ഇതില്‍ തേജ് പ്രതാപ് ബിഹാറിലെ മുന്‍ ആരോഗ്യമന്ത്രിയായിരുന്നു. തേജസ്വി യാദവാകട്ടെ ഇപ്പോഴത്തെ പ്രതിപക്ഷനേതാവും. മിസ ഭാരതി, ഇപ്പോള്‍ ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com